തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
‘നിലവില്‍ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗം ആകാനുള്ള അവസരമുണ്ട്. ഈ മാറ്റം പ്രധാന കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ സംവരണ ആനുകൂല്യം ലഭിക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാല്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റുകളും സംവരണ പരിധിയില്‍ വരേണ്ടതുണ്ട്. ഭാവിയില്‍ ഇത് നടപ്പാക്കണം,’ മന്ത്രി പറഞ്ഞു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. കെ.ബി മോഹന്‍ദാസും അംഗമായി ബി വിജയമ്മയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പഴയ കാലത്ത് ദേവസ്വം കാര്യങ്ങളില്‍ വര്‍ധിച്ച കോടതി ഇടപെടല്‍ എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ദേവസ്വം വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം മോഹന്‍ദാസിനും വിജയമ്മയ്ക്കും സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ബോര്‍ഡ് മുന്‍ ചെയര്മാന് എം രാജഗോപാലന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്ശന്, വി.കെ വിജയന് (ഗുരുവായൂര്‍ ദേവസ്വം), ജി.എസ് ഷൈലാമണി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: