കൊച്ചി : കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി. എറണാകുളത്തെ ഒരു സംഗീത ട്രൂപ്പിലെ അംഗമായ അനൂപാണ് ദമ്പതികളെ സഹായിച്ചത്. പോലീസ് ഇയാളുടേയും ഭാര്യയുടേയും മൊഴിയെടുക്കും.
കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. വ്യാജ രേഖ ചമച്ചതിലെ പ്രേരണകുറ്റത്തില്‍ ഇവരെ പ്രതി ചേര്‍ക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇവർ കഴിഞ്ഞ മാസം 30നു ഈ മാസം ഒന്നിനും ലേബർ റൂം പരിസരത്ത് എത്തിയിട്ടുണ്ടെന്നും പലരുമായി സംസാരിച്ചിട്ടുണ്ടെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനായി സിസി ടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും.
മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹനന്റെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. അതിനിടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന രഹന വീണ്ടും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ജീവനക്കാരി അശ്വനിയേയും ലേബര്‍ റൂമില്‍ അന്നുണ്ടായിരുന്നവരേയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: