ന്യൂദല്‍ഹി : ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് കൈത്താങ്ങായി ഇന്ത്യ. അവശ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘവും ദുരന്ത നിവാരണ സംഘവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തുര്‍ക്കിക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വ്യോമസേനയുടെ സി-17 വിമാനത്തിലാണ് വ്യോമസേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 4300ല്‍ അധികം ആളുകള്‍ മരിച്ചെന്നാണ് കണക്കുകള്‍. 11,000ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം രാവിലെ 6.47 അതിശക്തമായ, ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ആളുകള്‍ ഉറക്കമായിരുന്നത് ദുരന്തത്തിന്റെ തീവ്രതയേറ്റി. തുര്‍ക്കിയില്‍മാത്രം 1500-ഓളം പേര് മരിച്ചെന്നാണ് വിലയിരുത്തല്‍. 7600-ഓളം പേര്‍ക്ക് പരിക്കേറ്റു. 3,000 കെട്ടിടങ്ങള്‍ നിലംപതിച്ചെന്നും അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.
ദുരിത ബാധിതര്‍ക്കായി ഭക്ഷണം, മരുന്ന് അടക്കമുള്ള ആവശ്യ വസ്തുക്കളുമായാണ് ഇന്ത്യന്‍ ദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും സംഘത്തിനൊപ്പമുണ്ട്. തുര്‍ക്കിക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭൂകമ്പത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരനും അറിയിച്ചിരുന്നു. ദല്‍ഹിയിലെ തുര്‍ക്കി എംബസി സന്ദര്‍ശിച്ച മന്ത്രി മുരളീധരന് തുര്‍ക്കിജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയും വ്യക്തമാക്കിയിരുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാസഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: