മാള: കോടി കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് മാള പോലീസ് സ്റ്റേഷന്. കേസില്‍ പിടിച്ചിട്ടിരിക്കുന്ന നിരവധി വാഹനങ്ങളാണ് സ്റ്റേഷന് പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ജീപ്പ്, കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നശിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.
വര്‍ഷങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ സാക്ഷ്യപത്രങ്ങളാണിവ. കേസ് അനുകൂലമായാലും ഈ വാഹനങ്ങള്‍ തിരിച്ചുകിട്ടിയിട്ട് കാര്യമില്ല. ആരും ഏറ്റെടുക്കാറില്ല. മാളയില്‍ മാത്രം നൂറുക്കണക്കിന് വാഹനങ്ങളാണ് ഇങ്ങനെ നശിച്ചുപോകുന്നത്. മാസങ്ങളോ വര്‍ഷങ്ങളോ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ പിന്നീടൊരിക്കലും നിരത്തിലിറക്കാന്‍ കഴിയാതാകുന്നതും സാധാരണമാണ്.
കേസില്‍പ്പെട്ട് കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് വില നിശ്ചയിച്ച് ലേലംചെയ്ത് വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പലയിടത്തും ഈ നടപടിയുടെ ഭാഗമായി വാഹനങ്ങളുടെ ശവപ്പറമ്പ് അപ്രത്യക്ഷമായി. എന്നാല്‍ മാള പോലീസ് സ്റ്റേഷനില്‍ ഇന്നും കോടിക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ കാടു കയറിക്കിടക്കുകയാണ്. യഥാസമയം അവ നീക്കുന്നതിന് ഉത്തരവ് ഉണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ല. ഇത്തരത്തില്‍ വാഹനങ്ങള്‍ കാടുകയറി കിടക്കുന്നത് നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. ഇതിനെതിരെ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: