ആസ്വാദകരുടെ ഹൃദയത്തില്‍ എക്കാലത്തേക്കുമായി ഇടംനേടിയ ഗാനാലാപനത്തിന്റെ അനശ്വര രാജ്ഞിയായ വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം സംഗീതലോകത്തിന് വലിയൊരു നഷ്ടവും ദുഃഖവുമാണ്. അവരുടെ മരണം സംബന്ധിച്ച ദുരൂഹത അധികൃതര്‍ എത്രയും വേഗം നീക്കണം.
ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ കലൈവാണി എന്ന തമിഴ്നാട്ടുകാരിയായ ഈ പാട്ടുകാരി മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത ഒട്ടേറെ ഗാനങ്ങളാണ്. മലയാളത്തിലെ ഏറെക്കുറെ എല്ലാ സംഗീത സംവിധായകര്‍ക്കു കീഴിലും വാണി ജയറാം പാടിയ വ്യത്യസ്തമായ പാട്ടുകള്‍ മൂളാത്ത മലയാളികള്‍ ഉണ്ടാവില്ലെന്നു തന്നെ പറയാം. വളരെ നീണ്ട ഒരു കാലഘട്ടത്തിലെ മലയാളിയുടെ വൈകാരിക ജീവിതത്തെ കരുപിടിപ്പിക്കുകയും തിടംവയ്പ്പിക്കുകയും ചെയ്ത ഗായികയാണവര്‍. ആകാശവാണിയിലൂടെ ഒഴുകിയെത്തുന്ന അവരുടെ പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന കാലം ഗൃഹാതുരത്വത്തിന്റെ ഒരിക്കലും വേര്‍പെടാത്ത ഒര്മകളാണ്.
മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും വരികളുടെ ഉച്ചാരണത്തിലും ആശയവ്യക്തതയിലും വാണിയമ്മ തനി മലയാളിയായി മാറി. മറ്റുചില മറുനാടന്‍ ഗായികമാരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഈ സവിശേഷത മനസ്സിലാവും. ആഷാഢ മാസം ആത്മാവില്‍ മോഹം…, സീമന്തരേഖയില്‍ ചന്ദനം…, തിരയും തീരവും ചുംബിച്ചുറങ്ങി…, ഏതോ ജന്മകല്പ്പനയില്…, നാടന്‍ പാട്ടിലെ മൈന… എന്നിങ്ങനെ പ്രണയവും വിരഹവും ദുഃഖവും ആഹ്ലാദവും നിറയുന്ന വാണിയമ്മയുടെ പാട്ടുകള്‍ക്ക് മരണമില്ല.
മനസ്സിനെ കോര്‍ത്തുവലിക്കുന്ന ശ്രുതിമധുരമായ എത്രയോ പാട്ടുകള്‍ പാടിയിട്ടും, മൂന്നുതവണ ദേശീയ അവാര്‍ഡ് ലഭിച്ച ഈ ഗായികയെ ഒരിക്കല്‍ പോലും കേരള സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിക്കാതിരുന്നതില് വലിയൊരു കൃതഘ്നതയുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ നല്കിയ പത്മ പുരസ്കാരത്തിന്റെ സംതൃപ്തിയോടെയാണ് അതുല്യ ഗായിക ഈ ലോകം വിട്ടുപോയത്. അനശ്വര ഗായികയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: