ബഹുമാനപ്പെട്ട അംഗങ്ങളേ…
പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം പൂര്‍ത്തിയാക്കി അമൃതകാലത്തിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഉജ്വലമായ ഭൂതകാലത്തെയും ആവേശഭരിതമായ നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളേയും ഭാരതത്തിന്റെ സുവര്‍ണ്ണ ഭാവിയുമായി ബന്ധിപ്പിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃതകാലം. വികസിത ഭാരതത്തിന്റെ സൃഷ്ടിക്ക് 25 വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃതകാലം വഴിതുറക്കും. ഓരോ പൗരനും അവരുടെ കടമകളെ ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന കാലമാണിത്. നമ്മുടെ മുഴുവന്‍ കഴിവുകളും ആവാഹിച്ചുകൊണ്ട് പുതിയ കാലഘട്ടത്തിന്റെ നിര്‍മ്മാണത്തിനുള്ള അവസരവും ഇതു തന്നെയാണ്. രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ ആവശ്യങ്ങളെല്ലാം നേടിയെടുക്കാന്‍ പ്രാപ്തമായ സ്വയംപര്യാപ്ത ഭാരതത്തിന്റെ നിര്‍മ്മാണമാണ് 2047ല്‍ നാം ലക്ഷ്യമിടുന്നത്.
സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നീ മന്ത്രങ്ങളോടെയാണ് എന്റെ സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുന്നത്. വികസിത ഭാരതത്തിന്റെ പ്രേരണയായി ഈ മന്ത്രങ്ങള്‍ മാറിക്കഴിഞ്ഞു. വികസനത്തിന്റെ കര്‍ത്തവ്യ പഥം വരും നാളുകളില്‍ എന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയാണ്. വിവിധ മേഖലകളില്‍ രാജ്യം ഗുണാത്മക മാറ്റങ്ങള്‍ കണ്ട വര്‍ഷങ്ങളാണ് കടന്നുപോയത്. അതിലേറ്റവും സുപ്രധാനം ലോകത്തിന് ഇന്ത്യയോടുള്ള സമീപനത്തില്‍ വന്ന മാറ്റമാണ്. സ്വന്തം പ്രശ്നങ്ങളുടെ പരിഹാരത്തിനായി മുമ്പ് മറ്റുള്ളവരെ നോക്കിക്കൊണ്ടിരുന്ന ഇന്ത്യയിലേക്കാണ് ലോകം ഇന്ന് അവരുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ആശ്രയിക്കുന്നത്. പതിറ്റാണ്ടുകളായി അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കുന്നത് കാത്തിരുന്ന ഒരു ജനതയ്ക്ക് അവ ലഭ്യമാക്കാന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് സാധിച്ചു. വര്‍ഷങ്ങളായി കാത്തിരുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തേക്ക് എത്തിക്കഴിഞ്ഞു. വികസിത രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്ത രീതിയില്‍ ഡിജിറ്റല്‍ ശൃംഖല കെട്ടിപ്പെടുക്കാന്‍ നമുക്കായി. വലിയ അഴിമതികളും സര്‍ക്കാര്‍ പദ്ധതികളിലെ കെടുകാര്യസ്ഥതയും ഇന്നില്ലാതെയായി. നയരാഹിത്യങ്ങള്‍ മാറിയതോടെ പതിറ്റാണ്ടുകള്‍ മുന്നില്‍ കണ്ടുള്ള വികസനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നു. ഇങ്ങനെയെല്ലാം സാധ്യമായതോടെയാണ് പത്താം സ്ഥാനത്തുനിന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം ഉയര്‍ന്നത്.
രാഷ്ട്രനിര്‍മ്മാണമെന്ന ദൗത്യത്തിലാണ് എന്റെ സര്‍ക്കാര്‍. സുസ്ഥിരവും ഭയരഹിതവും വലിയ ആഗ്രഹങ്ങളുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്. സത്യസന്ധതയെ ബഹുമാനിക്കുന്ന എന്റെ സര്‍ക്കാര്‍, പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ ശാക്തീകരിക്കാനും പ്രവര്‍ത്തിക്കുന്നു. അഭൂതപൂര്‍വ്വമായ വേഗതയിലും മികവിലുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കണ്ടുപിടുത്തങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും പൊതുജനക്ഷേമം ഉറപ്പാക്കുന്ന സര്‍ക്കാര്‍, വനിതകള്‍ നേരിടുന്ന തടസ്സങ്ങളെ ഇല്ലാതാക്കി അവരെ മുന്നോട്ട് നയിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നു.
തുടര്‍ച്ചായി രണ്ടുവട്ടം സുസ്ഥിര ഭരണത്തിന് അവസരം നല്കിയ ജനങ്ങളോടുള്ള നന്ദി ഞാന്‍ അറിയിക്കുകയാണ്. രാജ്യതാല്‍പ്പര്യത്തിന് മാത്രം മുന്‍ഗണന നല്കുന്ന എന്റെ സര്‍ക്കാര്‍ നയങ്ങളിലും തന്ത്രങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. സര്‍ജ്ജിക്കല്‍ സ്ട്രൈക്കും ഭീകരവാദത്തിനെതിരായ നടപടികളും പാക്, ചൈനീസ് അതിര്‍ത്തികളിലെ ഉചിതമായ സൈനിക നീക്കങ്ങളും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതും മുത്തലാക്ക് നിരോധിച്ചതും എന്റെ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതായി. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ കൊവിഡ് മഹാമാരിക്കാലത്ത് എന്റെ സര്‍ക്കാരിന്റെ മികവ് ലോകം കണ്ടതാണ്. രാഷ്ട്രീയ അസ്ഥിരതകളും ആഭ്യന്തര പ്രതിസന്ധികളും മൂലം ലോകരാജ്യങ്ങള്‍ പ്രശ്നത്തിലകപ്പെടുന്ന ഇക്കാലത്ത് ലോകരാജ്യങ്ങള്‍ക്കിടയില്‍ മികച്ച സ്ഥാനത്ത് നിലനില്ക്കാന് ഇന്ത്യയെ സഹായിക്കുന്നത് രാഷ്ട്ര താല്‍പ്പര്യം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്.
ജന്‍ധന്‍-ആധാര്‍-മൊബൈല്‍ എന്നിവയുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചു. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വഴി അനര്‍ഹരെ ഒഴിവാക്കി അര്‍ഹര്‍ക്ക് മാത്രമായി സേവനങ്ങള്‍ നല്‍കാനായി. സബ്സിഡി തുക നേരിട്ട് കൈമാറുന്ന പദ്ധതി വിജയകരമായതോടെ ഇന്ന് മുന്നൂറിലധികം കേന്ദ്രപദ്ധതികളുടെ തുക ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്നു. 27ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് അക്കൗണ്ടില്‍ നല്‍കുന്നത്. അഴിമതി ഇല്ലാതായതോടെ നികുതിദായകര്‍ക്ക് അവര്‍ നല്കുന്ന ഓരോ രൂപയും ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നതായി ബോധ്യം വന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജനം എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ലിന്ന്. 80 കോടിയിലധികം ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 50 കോടിയിലധികം പൗരന്മാര്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി. ചികിത്സയ്ക്കായി ജനങ്ങള്‍ ചെലവഴിക്കുന്ന 80,000 കോടി രൂപയാണ് സര്‍ക്കാര്‍ അവര്‍ക്ക് ലാഭിച്ചു കൊടുത്തത്. രാജ്യത്തെ ഒന്‍പതിനായിരത്തിലധികം വരുന്ന ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി കുറഞ്ഞ തുകയ്ക്ക് അവശ്യമരുന്നുകളും ലഭിക്കുന്നുണ്ട്. ജനങ്ങളുടെ 20,000 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ലാഭിച്ചത്. ചികിത്സയ്ക്കായി ജനങ്ങള്‍ അവരുടെ കയ്യില്‍ നിന്ന് ചെലവഴിക്കേണ്ട ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്റെ രണ്ടുപദ്ധതികള്‍ മൂലം ജനങ്ങള്‍ക്ക് തന്നെ ലഭിച്ചത്. എല്ലാ വീടുകളിലും ജലം എന്ന ലക്ഷ്യവുമായി ആരംഭിച്ച ജല്‍ജീവന്‍ മിഷന് വഴി 11 കോടി കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭ്യമാക്കിയത്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇത്രവര്‍ഷം പിന്നിടുമ്പോഴും വെറും 3.5 കോടി കുടുംബങ്ങളില്‍ മാത്രമായിരുന്നു രാജ്യത്ത് കുടിവെള്ളം ലഭ്യമായിരുന്നത്. എല്ലാവര്ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനായി പിഎം ഗരീബ് കല്യാണ്‍ അന്നയോജന വഴി എന്റെ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 3.5 ലക്ഷം കോടിരൂപയാണ്.
വിവിധ സമൂഹങ്ങളുടേയും മേഖലകളുടേയും വികസനത്തിലൂടെ മാത്രമേ രാജ്യത്തെ മുന്നോട്ടെത്തിക്കാന്‍ സാധിക്കൂ എന്ന് എന്റെ സര്‍ക്കാര്‍ വിശ്വസിക്കുന്നു. പാവപ്പെട്ടവരേയും ദളിതരേയും പട്ടികവര്‍ഗ്ഗക്കാരെയും പട്ടികജാതിക്കാരെയും പിന്നാക്ക സമുദായങ്ങളേയുമെല്ലാം സ്വപ്നം കാണാനും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ പരിശ്രമിക്കുന്നു. പിഎം സ്വനിധി പദ്ധതി വഴി രാജ്യത്തെ 40 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്‍ക്ക് ഈടില്ലാ വായ്പ നല്‍കുകയും ഡിജിറ്റല്‍ പണമിടപാടുകള്‍ നിര്‍വഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ സമ്മാന്‍ നിധി നല്‍കുന്നത്. ഇതുവരെ 2.25 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതില്‍ തന്നെ 3 കോടി വനിതകള്‍ക്ക് 54,000 കോടി രൂപ ലഭിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളും സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും എഫ്പിഒകളുമെല്ലാം കര്‍ഷകര്‍ക്ക് സഹായകരമായിത്തീര്‍ന്നു.
മുദ്രായോജന വഴി വായ്പ ലഭിച്ചവരില്‍ 70 ശതമാനവും വനിതകളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിദിനം 700 കോടി രൂപയോളമാണ് മുദ്രാവായ്പയായി ജനങ്ങള്‍ക്ക് നല്‍കിയത്. 80 ലക്ഷം സ്വാശ്രയസംഘങ്ങളിലായി 9 കോടി വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപയാണ് സ്വാശ്രയ സംഘങ്ങളിലൂടെ സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ആധുനിക പാര്‍ലമെന്റ് മന്ദിരവും രാജ്യത്തുയരുകയാണ്. കാശിവിശ്വനാഥക്ഷേത്ര ഇടനാഴി നിര്‍മ്മിക്കുമ്പോള്‍ തന്നെ രാജ്യത്തെ ഓരോ ജില്ലയിലും മെഡിക്കല്‍ കോളജുകളും നിര്‍മ്മിക്കുകയാണ് എന്റെ സര്‍ക്കാര്‍. ഓരോ മാസവും ശരാശരി ഒരു മെഡിക്കല്‍ കോളജുവീതം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. 2004-2014 കാലഘട്ടത്തില്‍ രാജ്യത്ത് 145 മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചപ്പോള്‍ 2014-2022വരെ 260ലേറെ മെഡിക്കല്‍ കോളജുകളാണ് ആരംഭിച്ചത്. ബിരുദ, പി.ജി സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. 725 സര്‍വ്വകലാശാലകളാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍ 2014ന് ശേഷം പുതിയ 300 സര്‍വ്വകലാശാലകള്‍ ആരംഭിച്ചു. പുതിയ 5,000 കോളജുകളും രാജ്യത്ത് തുടങ്ങി. പ്രതിദിനം രണ്ട് പുതിയ കോളജുകള്‍ വീതവും പ്രതിവാരം ഓരോ സര്‍വ്വകലാശാലകള്‍ വീതവും രാജ്യത്തുണ്ടായിട്ടുണ്ട്. പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ 2014 മുതല്‍ പ്രതിദിനം 11,000 വീടുകള്‍ വീതമാണ് രാജ്യത്ത് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചുനല്‍കിയത്. ദിനംപ്രതി 55,000 ഗ്യാസ് കണക്ഷനുകളും നല്കി. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എന്റെ സര്‍ക്കാര്‍ രാജ്യത്ത് നടത്തിയതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിവ.
2014വരെ രാജ്യത്ത് പ്രധാനമന്ത്രി ഗ്രാമസടക് യോജന പ്രകാരം നിര്‍മ്മിക്കപ്പെട്ടത് 3.81 ലക്ഷം കിമി റോഡുകളാണെങ്കില്‍ 2021-22 ല്‍ ഗ്രാമീണ റോഡുകള്‍ 7 ലക്ഷം കിമി ആയി ഉയര്‍ന്നു. രാജ്യത്തെ 99 ശതമാനം ജനആവാസ കേന്ദ്രങ്ങളുമായും റോഡ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ദേശീയപാതാ വികസനത്തില്‍ 55 ശതമാനം വളര്‍ച്ചയാണ് നേടിയത്. രാജ്യത്തെ 550 ജില്ലകളുമായി ദേശീയപാതകള്‍ ബന്ധിപ്പിച്ചുകഴിഞ്ഞു. 74 വിമാനത്താവളങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് 147 വിമാനത്താവളങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുതിയ ഇടങ്ങളിലേക്ക് വികസിച്ചു. വന്ദേഭാരത് തീവണ്ടികള്‍ രാജ്യത്തിന്റെ തന്നെ മുഖം മാറ്റിമറിച്ചു.
രാജ്യത്തെ ഊര്‍ജ്ജ ഉപയോഗത്തിന്റെ 40 ശതമാനം ഫോസില്‍ ഇതര ഇന്ധനങ്ങളിലേക്ക് മാറ്റാന്‍ നമുക്കായിട്ടുണ്ട്. 2070ല്‍ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ. എഥനോള്‍ ചേര്‍ന്ന പെട്രോളും ഹൈഡ്രജന്‍ മിഷനും പൊതുഗതാഗത സംവിധാനത്തിലേക്ക് 7,000 ഇലക്ട്രിക് ബസ്സുകളുമെല്ലാം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. 27 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടക്കുന്നു. ജലപാതകള്‍ വഴി ഗതാഗതസംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുകയാണ്.
ആഗോള തലത്തിലെ വിവിധ സാഹചര്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ജി 20 അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു. ഏറെ സ്വാധീനമുള്ള ആഗോള സംഘമായ ജി 20ന്റെ നായകത്വത്തില്‍ ഒരു ഭൂമി ഒരു കുടുംബം എന്ന സങ്കല്‍പ്പം നാം മുന്നോട്ട് വെച്ചുകഴിഞ്ഞു.
ബഹുമാനപ്പെട്ട അംഗങ്ങളെ….
ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ യാത്ര ഏറെ അഭിമാനത്തോടെയാണ് മുന്നേറുന്നത്. ഇന്ത്യന്‍ ജനാധിപത്യം പ്രത്യാശാനിര്‍ഭരവും ശക്തവുമാണ്. വിവിധ മേഖലകളിലെ രാജ്യത്തിന്റെ മുന്നേറ്റം ഭാവിയിലും സുശക്തമായി തുടരും. അടിമത്വത്തിന്റെ ഇരുണ്ട കാലത്തെ ഓര്‍മ്മകള്‍ വലിച്ചെറിഞ്ഞ് രാജ്യം മുന്നോട്ട് കുതിക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ഹൃദയമായ ഈ പാര്‍ലമെന്റ്, നമ്മുടെ ദുര്‍ഘടമായ ലക്ഷ്യങ്ങളെ കൈവരിക്കാനുള്ള പ്രയാസങ്ങള്‍ക്ക് നേതൃത്വം വഹിക്കും. മറ്റുള്ളവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് മുമ്പേ തന്നെ നിര്‍വഹിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കണം.
നന്ദി. ജയ് ഹിന്ദ് ജയ് ഭാരത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: