ബീജിങ്: ചൈനയിലെ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ഭരണകൂടം ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. മരണങ്ങള് മറച്ചുവയ്ക്കാനോ അല്ലെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിപ്പിക്കാനോ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇതിനായി നിലവിലുള്ള നയങ്ങളില്‍ മാറ്റം വരുത്തുന്നതായും വോയ്സ് എഗനിസ്റ്റ് ഓട്ടോക്രസി (വിഎഎ) റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിക്ക് പുറത്തുണ്ടാകുന്ന കൊവിഡ് മരണങ്ങളൊന്നും നിലവില്‍ ചൈനയില്‍ രേഖപ്പെടുത്തുന്നതേയില്ല. ഇങ്ങനെ രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നിരുന്നാലും ലോക രാജ്യങ്ങളുടെ സമ്മര്‍ദ ഫലമായി ഡിസംബര്‍ ആദ്യം മുതല്‍ പകുതി വരെ കൊവിഡ് കാരണം മരിച്ചവരുടെ വിവരങ്ങള്‍ ചൈന പുറത്തു വിട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 60000 പേര് മരിച്ചെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയില്‍ കൊവിഡ് ബാധ രൂക്ഷമാവുകയായിരുന്നു. ആശുപത്രികളില്‍ തിരക്കേറുകയും കിടക്കകള്‍ ലഭ്യമാകാതെ വരികയുമുണ്ടായി. ഇതോടെ മരണവും വര്‍ധിച്ചു. ശ്മശാനങ്ങളില്‍ ദിവസങ്ങളോളം മൃതദേഹങ്ങളുമായുള്ള നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഭരണകൂടം ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്.
മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് മരണകാരണമായി സൂചിപ്പിക്കരുത്. മരണത്തിന്റെ പ്രധാന കാരണം എന്തെന്ന് അടയാളപ്പെടുത്തിയാല്‍ മതി. ഉദാഹരണത്തിന് ന്യുമോണിയ. കൊവിഡ് മൂലമാണതെന്ന് വ്യക്തമാക്കണ്ട എന്നായിരുന്നു നോട്ടീസിലെന്ന് ഷാങ്ഹായിലെ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി. മരണ സര്‍ട്ടിഫിക്കറ്റുകളില്‍ മിക്കതിലും ഹൃദയാഘാതം, ന്യുമോണിയ എന്നാണ് കാരണം രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളില്‍ 80 ശതമാനവും കൊവിഡ് ബാധിതരാണെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ വു സുന്‍യു സമൂഹമാധ്യമത്തില്‍ പറഞ്ഞത്. രോഗികള്‍ വര്‍ധിച്ചതോടെ കൊവിഡ് കണക്കുകള്‍ വിശദീകരിക്കുന്ന ഡെയ്ലി ബുള്ളറ്റിന് പുറത്തിറക്കുന്നത് ഭരണകൂടം നിര്‍ത്തി വച്ചു. ബീജിങ് ഇപ്പോള്‍ പുറത്തുവിടുന്ന കണക്കുകളും കൃത്യമല്ലെന്ന് ചൈനയിലെ നാഷണല്‍ ചെങ്ചി സര്‍വകലാശാലയിലെ ഗവേഷക പറഞ്ഞതായും വിഎഎ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: