ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു.
റിപ്പബ്ലിക് ദിന ആശംസകള്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ നാം ഇത് ആഘോഷിക്കുന്നതിനാല്‍ ഇത്തവണയും ഈ അവസരത്തിന് പ്രത്യേകതയുണ്ട്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മറ്റു പല രാജ്യങ്ങള്‍ക്കും പ്രചോദനമായ, വിസ്മയകരമായ യാത്രയാണ് ഇന്ത്യയുടേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. നാം നേടിയതെല്ലാം, ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരുമിച്ചാണ് ആഘോഷിക്കുന്നത്.
എണ്ണമറ്റ വെല്ലുവിളികള്‍ക്കു നടുവിലും നമ്മുടെ മനോഭാവം അചഞ്ചലമായി നിലകൊണ്ടു. വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനത, ഒരു രാഷ്ട്രമായി ഒത്തുചേര്‍ന്നു മുന്നേറി. വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. ആധുനിക ഇന്ത്യന്‍ ചിന്താഗതിക്കു രൂപം കൊടുത്തവര്‍ എല്ലാ ദിക്കില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്കു വരട്ടെയെന്ന വേദോപദേശത്തെ പിന്തുടര്ന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: