സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയിനത്തില്‍ എട്ടരലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ ഇതു സംബന്ധിച്ച് അവര്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ചിന്തയ്ക്ക് ശമ്പളക്കുടിശ്ശികയായി ലക്ഷങ്ങള്‍ നല്കാന് പോവുകയാണെന്ന വിവാദമുയര്‍ന്നപ്പോള്‍, താന്‍ ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്തെഴുതിയിട്ടില്ലെന്നും, അങ്ങനെയൊന്നുണ്ടെങ്കില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അത് പുറത്തുവിടണമെന്നും അവര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശമ്പളക്കുടിശ്ശിക അനുവദിച്ചുകൊണ്ട് കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ചിന്ത കത്തെഴുതിയ കാര്യം പറയുന്നുണ്ട്. സര്‍ക്കാര്‍ പദവി വഹിക്കുന്ന ഒരാള്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതിന്റെയും, ഒരു മടിയുമില്ലാതെ കള്ളം പറയുന്നതിന്റെയും ദൃഷ്ടാന്തമാണിത്. ചങ്കിലെ ചൈനയെക്കുറിച്ചും മറ്റും അഭിമാനംകൊള്ളുന്ന, അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുപോലും ആധികാരികമായി സംസാരിക്കുന്ന ചിന്തയുടെ ഈ പെരുമാറ്റം ഇടതുപക്ഷ സഹജമാണ്. ഇങ്ങനെയൊക്കെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റല്ലെന്നും, പാര്‍ട്ടിയിലും സര്‍ക്കാരിലും പദവികള്‍ വഹിക്കുന്ന സഹപ്രവര്‍ത്തകര്‍ പലരും ഈ ശൈലി അനുവര്‍ത്തിക്കുന്നതായും ചിന്ത കാണുന്നുണ്ടാവും. അപ്പോള്‍ താനായിട്ട് എന്തിന് വിട്ടു നില്‍ക്കണം എന്ന ചിന്ത ചിന്തയ്ക്കുണ്ടാവുക സ്വാഭാവികം. സര്‍ക്കാരില്‍നിന്ന് ഇത്രയും വലിയൊരു തുക തനിക്ക് ലഭിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വിവാദത്തിനിടെ ചിന്ത പറഞ്ഞിരുന്നു. അക്കാര്യം ഇനി എന്താകുമെന്ന് അറിയില്ല.
മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന വരുത്തുമ്പോള്‍ 32 ലക്ഷം രൂപ തനിക്ക് ലഭിക്കുമെന്നത് നവമാധ്യമ പ്രചാരണം മാത്രമാണെന്നും, ഇത്രയും വലിയ തുകയൊക്കെ കൈകാര്യം ചെയ്യുന്ന പൊതുപ്രവര്‍ത്തന രീതിയല്ല തന്റെതെന്നുമൊക്കെ ചിന്ത ജെറോം വാചാലയാവുകയുണ്ടായി. എന്നാല്‍ ഈ തുകയൊക്കെ കേരളീയര്‍ക്ക് സുപരിചിതരായ പല പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകള്‍ക്കും അവരുടെ മക്കള്‍ക്കും വെറും പോക്കറ്റുമണിയാണെന്ന വിവരം ചിന്തയ്ക്കും അറിയാത്തതല്ല. എന്നിട്ടും പറഞ്ഞുപോവുകയാണ്. ക്യാപ്സൂളുകളുടെ സ്വാധീനം എന്നുവേണം കരുതാന്‍. ഇതൊക്കെ കമ്യൂണിസ്റ്റ് സദാചാരത്തിന്റെ പ്രശ്നം. അത് എന്തുമാകട്ടെ. ഇവിടെ പ്രശ്നം മറ്റൊന്നാണ്. ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ധൂര്‍ത്തടിക്കാമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. 2016 ല്‍ ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ പദവിയിലെത്തുമ്പോള്‍ ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50000 രൂപ അഡ്വാന്‍സായി മാസം തോറും നല്കാന് തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷമായപ്പോള്‍ ശമ്പളം ഒരുലക്ഷമാക്കി ഉയര്‍ത്തി. ഈ നിരക്കില്‍ താന്‍ നിയമിതയായ കാലം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് ചിന്ത സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ധനവകുപ്പ് ഈ ആവശ്യം രണ്ടു തവണ നിരസിച്ചെങ്കിലും ചിന്ത സ്വന്തം സ്വാധീനം ഉപയോഗിച്ച് ആവശ്യം നേടിയെടുക്കുകയായിരുന്നു എന്നാണ് മനസ്സിലാവുന്നത്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമൊന്നുമില്ലാത്ത ഈ യുവതിക്ക് എങ്ങനെയാണ് ഇതിനൊക്കെ സാധിക്കുന്നതെന്ന ആശ്ചര്യം പല കേന്ദ്രങ്ങളും പ്രകടിപ്പിക്കുകയുണ്ടായി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും കാണാത്തവിധമുള്ള ധനധൂര്‍ത്താണ് നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സാഹചര്യത്തിലും ഈ ധൂര്‍ത്തിന് ഒരു കുറവും വരുത്തുന്നില്ല. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ ഓരോരോ പദവികളില്‍ നിയമിച്ച് ശമ്പളമായും മറ്റ് വകയിലും വന്‍തോതില്‍ നികുതിപ്പണം നല്‍കുകയാണ്. ഇതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസ്സില്‍നിന്ന് ചാടിപ്പോന്ന പ്രൊഫ. കെ.വി. തോമസിനെ ക്യാബിനറ്റ് പദവിയും മറ്റ് സൗകര്യങ്ങളും നല്കി ദല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഈ പദവിയില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ തോറ്റ എ. സമ്പത്തിനെയും പിന്നീട് വേണു രാജാമണിയേയും നിയമിക്കുകയുണ്ടായി. സമ്പത്തിനെ നിയമിച്ച വകയില്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കെ.വി. തോമസിന്റേത് അവസാനത്തെ നിയമനമാവാനും സാധ്യതയില്ല. കടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നേരെയാക്കാന്‍ യാതൊന്നും ചെയ്യാതെയാണ് ഇത്തരം അനാവശ്യനിയമനങ്ങള്‍ നടത്തി ഖജനാവ് കാലിയാക്കുന്നത്. കൂടുതല്‍ കടമെടുക്കുന്ന രീതി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വച്ചതോടെ അതിനും മാര്‍ഗമില്ലാതായി. ജനങ്ങളില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ കരുതുന്നത്. വെള്ളക്കരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: