ന്യൂദല്‍ഹി: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ന് ദല്‍ഹിയിലെത്തും. റിപ്പബ്ലിക് ദിനോഘോഷചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി അല്‍ സിസി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈജിപ്തും തമ്മില്‍ കാര്‍ഷിക, ഡിജിറ്റല്‍ മേഖലകളില്‍ അരഡസനോളം ധാരണാപത്രത്തില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.
ഇന്ന് ദല്‍ഹിയില്‍ എത്തുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിങിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നല്‍കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇരുനേതാക്കളും പ്രസ്താവന നടത്തും. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷത്തെ സ്മരണിക സ്റ്റാമ്പും പുറത്തിറക്കും.
ആദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. 2021ലും 2022 ലും നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കോവിഡ് കാരണം മുഖ്യാതിഥികളായി വിദേശരാഷ്ട്രതലവന്മാരെ ക്ഷണിച്ചിരുന്നില്ല. 2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആയിരുന്നു മുഖ്യാതിഥി.
റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന180 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ സൈന്യം ദല്‍ഹിയില്‍ എത്തി. ഇന്നലെ കര്‍ത്തവ്യപഥില്‍ നടന്ന പരേഡ് റിഹേഴ്സലില്‍ ഈജിപ്ഷ്യന്‍ സേനാംഗങ്ങള്‍ പങ്കെടുത്തു. 75 വര്‍ഷമായി ഇന്ത്യ, ഈജിപ്തുമായി തുടരുന്ന നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഈജിപ്ഷ്യന്‍ സൈന്യം പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: