ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയില്‍ സംഘടിപ്പിക്കുന്ന സന്‍സദ് ഖേല്‍ മഹാകുംഭ് 2022-23ന്റെ രണ്ടാം ഘട്ടം 2023 ജനുവരി 18 ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള ലോക്സഭാ എംപി ഹരീഷ് ദ്വിവേദിയാണ് സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിക്കുന്നത്.
സന്‍സദ് ഖേല്‍ മഹാകുംഭ് 2022-23 രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടം 2022 ഡിസംബര്‍ 10 മുതല്‍ 16 വരെയും രണ്ടാം ഘട്ടം 2023 ജനുവരി 18 മുതല്‍ 28 വരെയും നടക്കും. ഗുസ്തി, കബഡി, ഖോ ഖോ, ബാസ്ക്കറ്റ്ബോള്‍, ഫുട്ബോള്‍, ഹോക്കി, വോളിബോള്‍, ഹാന്‍ഡ്ബോള്‍, ചെസ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക ഇനങ്ങളില്‍ വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ ഖേല്‍ മഹാകുംഭില്‍ നടക്കും. ഇതിന് പുറമെ ഉപന്യാസ രചന,ചിത്രരചന, രംഗോലി നിര്‍മ്മാണം തുടങ്ങിയവയും ഖേല്‍ മഹാകുംഭില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ബസ്തിയിലെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങള്‍ക്ക് അവരുടെ കായിക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരവും വേദിയും നല്‍കുകയും ഭാവിയില്‍ കായിക മേഖല തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന നവീന സംരംഭമാണ് ഖേല്‍ മഹാകുംഭ്. മേഖലയിലെ യുവജനങ്ങള്‍ക്കിടയില്‍ അച്ചടക്കം, കൂട്ടായ പ്രവര്‍ത്തനം, ആരോഗ്യകരമായ മത്സരം, ആത്മവിശ്വാസം, ദേശീയത തുടങ്ങിയവ വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: