കെ. രാധാകൃഷ്ണന് ഹരിപ്പാട്
ഒരു തൈനടാം നമുക്കമ്മക്കുവേണ്ടി
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി
ഒരു തൈ നടാം നൂറ് കിളികള്‍ക്ക് വേണ്ടി
ഒരു തൈനടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു.
ഇത് മഴക്കായി തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ്, തേന്‍ പഴങ്ങള്‍ക്കായി ഒരു നൂറ് തൈകള്‍ നിറഞ്ഞു നടുന്നു.
മരിച്ചുവെന്നു കരുതി അവര്‍ കുഴിച്ചിട്ട അവളുടെ ഗര്‍ഭത്തില്‍ നിന്നും തല പൊന്തിവന്ന തളിരിലകളായിരുന്നു പില്ക്കാലത്ത് അവരുടെ പരമ്പരകള്‍ക്ക് തണലായ വന്‍ വൃക്ഷമായി മാറിയത്.
പ്രകൃതി ഈശ്വരന്റെ വരദാനമാണ് ദേവന്റെ കയ്യൊപ്പ് പതിഞ്ഞതിനെ നാം മലീമസമാക്കുമ്പോള്‍ അത് വികൃതമാകും പിന്നെ പറയേണ്ടതില്ലല്ലോ. നീ വരുന്ന മാത്രയില്‍ നിന്നിലേക്ക് പെയ്തിറങ്ങാന്‍ വേണ്ടി ഇനിയും കാത്തിരിക്കുന്നുണ്ട്. എന്റെ പ്രതീക്ഷയുടെ മഴനീര് തുള്ളികള്‍. എന്നില്‍ നിറഞ്ഞുതുളുമ്പി ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നത് നിന്നിലെ സ്നേഹ സാമീപ്യമാണ്. എത്ര നിഷ്കളങ്കമായാണ് പ്രകൃതിയില്‍ നീ എന്നെ പ്രണയിക്കുന്നത്. നിന്നിലെ തണലില്‍ എന്നെ ചേര്‍ത്ത് പിടിക്കുന്നത്. നീ ഇല്ലാത്ത നിമിഷം എന്നിലെ ശ്വാസം നിലച്ചിരിക്കും തീര്‍ച്ച….
പഴയ ആളുകള്‍ പ്രകൃതിയെ നശിപ്പിക്കാതെ മുന്നോട്ട് നീങ്ങി. എന്നാല്‍ പുതുതലമുറ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. അത് ദുരന്തങ്ങളിലെത്തിക്കുന്നു. പ്രകൃതി, പരിസ്ഥിതി, ഭൂമി, ജലം, മണ്ണ് എന്നിവ സംരക്ഷിക്കണം എല്ലാത്തിനും ദിനങ്ങളും ആചാരങ്ങളും നടക്കും പ്രസംഗങ്ങളില്‍ ഒതുങ്ങും. പ്രവൃത്തിയൊന്നും കാണുന്നില്ല. ഇവിടെയാണ് വേറിട്ട ശബ്ദവുമായി പരിസ്ഥിതി പ്രവര്‍ത്തനം തപസ്യയാക്കി പ്രവൃത്തിയില്‍ കാട്ടിക്കൊടുക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ പാടില്ലെന്ന ലിയോ ടോള്‍സ്റ്റോയിയുടേയും, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഒരുവന് തന്നെ കൂടാതെ തന്റെ സഹജീവികളേയും സ്നേഹിക്കുന്നു എന്ന തോമസ് മുള്ളറുടേയും വാക്കുകളില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് ഹരിപ്പാട് പുത്തല്‍ പുരയില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകരായ കെ.ഗോപാലകൃഷ്ണന് നായരുടേയും പി.ബി. രാധാകുമാരി പിള്ളയുടേയും മകനായ ചെറിയനാട് ദേവസ്വം ബോര്‍ഡ് സ്കൂളിലെ അദ്ധ്യാപകനായ ജി.രാധാകൃഷ്ണന്. വനമിത്രയും വൃക്ഷമിത്രയും പ്രകൃതി മിത്രയും ഗുരു ശ്രേഷ്ഠയും സ്കൂള്‍ രത്നയും, സത്കര്മ്മയുമടക്കം നിരവധി പുരസ്കാരങ്ങള്‍ രാധാകൃഷ്ണന് മാഷിനെ തേടിയെത്തി. പ്രകൃതി സ്നേഹം വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന സന്ദേശം ഉയര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഓരോ കാല്‍വെയ്പ്പും .
അദ്ധ്യാപകവൃത്തിക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനമനസ്സുകളില്‍ രാധാകൃഷ്ണന് മാഷ് ഇടം നേടിയത്. പാഠശാലകളെ പരിസ്ഥിതിസൗഹൃദ കേന്ദ്രങ്ങള്‍ കൂടിയാക്കിയാണ് മാഷിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ പരിസ്ഥിതി ദിനങ്ങള്‍ കടന്നുപോകുമ്പോഴും നാളെക്കായി എന്തെങ്കിലും നല്‍കിയേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് ഇദ്ദേഹം.
സാമൂഹ്യ, പരിസ്ഥിതി സൗഹാര്‍ദ്ദ മേഖലകളില്‍ ഏറെ സഞ്ചരിച്ചു കഴിഞ്ഞു ഈ മനുഷ്യ സ്നേഹി. കുട്ടനാട് ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് സ്കൂളിലെ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായത്. പരിസ്ഥിതിയെ സ്നേഹിക്കുന്നതിനൊപ്പം കുട്ടികളെ പ്രകൃതി സ്നേഹികളാക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്.
കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വളര്‍ത്തുന്നതിനും പാരിസ്ഥിതിക അറിവുകള്‍ പകര്‍ന്നു നല്കുവാനുമായി സ്വന്തം ചെലവില്‍ ചിമിഴ് മാസിക അഞ്ച് വര്‍ഷം പ്രസിദ്ധീകരിച്ചു. ശലഭോദ്യാനം, ഔഷധ സസ്യ തോട്ടം, ജന്മനക്ഷത്ര വൃക്ഷങ്ങള്‍, കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
ചിമിഴ് മാസികയുടെ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റി. പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം പദ്ധതി നാട്ടുകാര്‍ ഏറ്റെടുത്തതും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കി. വീയപുരം റിസര്‍വ്വ് വനത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. നദീസംയോജനത്തിനെതിരെ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കാല് നൂറ്റാണ്ടിലേറെയായി നശിച്ച് കിടന്ന കാര്‍ത്തികപ്പള്ളി തോട് എന്ന പൂമീന്‍ പുഴയ്ക്ക് പുതുജീവന്‍ നല്‍കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കോടി എഴുപത്തിയേഴ് ലക്ഷം രൂപ അനുവദിച്ച് നദിക്ക് ഭാഗികമായി ജീവന് വയ്പ്പിച്ചു. ജൈവ പച്ചക്കറിയുടെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നു. സ്ഥലം മാറി ചെറിയനാട് ദേവസ്വം ബോര്‍ഡ് സ്കൂളിലെത്തിയിട്ടും പ്രകൃതി സ്നേഹത്തിന് കുറവൊന്നും വന്നില്ല. ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അയ്യായിരത്തോളം ഫലവൃക്ഷങ്ങള്‍ വച്ച് പിടിപ്പിച്ച പദ്ധതി ‘ഹരിതം ഹരിതാഭം’ ശ്രദ്ധേയമായി. സഹോദരന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ വീട് ഒരുക്കുന്നതിനും മുന്‍ കൈപ്രവര്ത്തനം നടത്തി.
മലയാളത്തിളക്കം പദ്ധതിക്ക് നേതൃത്വം നല്കി. തമിഴ് നാട്ടില്‍ നിന്നും എത്തിയ സൗമ്യ എന്ന കുട്ടി മലയാളം പഠിച്ചതുമായി ബന്ധപ്പെട്ട് ‘മലനാട്ടു മൊഴിയും തിണൈ പെറ്റ മകളും’ എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. അതിന് നിരവധി പുരസ്്കാരങ്ങള്‍ ലഭിച്ചു. കൊവിഡ് കാലത്ത് ഓണ്‍ലൈനില്‍ നടത്തിയ ചരിത്രായനം പ്രഭാഷണ പരമ്പരയും ശ്രദ്ധേയമായി.
പരിസ്ഥിതി സ്നേഹം വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന ഉറച്ച സന്ദേശം ജീവിതവൃതമാക്കി വിദ്യാലയങ്ങളെ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്ന രാധാകൃഷ്ണന് മാഷിന്റെ സഹധര്‍മ്മിണി ജയശ്രീയാണ്. സംസ്കാരം ജനിക്കുന്നത് മണ്ണില്‍ നിന്നും ഭൂമിയില്‍നിന്നുമാണ്. മലയാള സംസ്കാരം പു
ഴകളില്‍ നിന്നും വയലേലകളില്‍ നിന്നുമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
മൃതപ്രായയായി കയ്യേറ്റങ്ങള്‍ കൊണ്ട് നശിച്ച ഉത്തരപ്പള്ളിയാറിനെ ജലസമൃദ്ധമാക്കുവാന്‍ അധികാരികളുടെ ശ്രദ്ധയുണ്ടാവാനായി പുഴയോരത്ത് റാന്തല്‍ യാത്ര നടത്തി. മുഖ്യമന്ത്രിക്ക് കുട്ടികള്‍ കത്തയച്ചു.
നങ്ങ്യാര്‍കുളങ്ങരയിലെ എന്‍ടിപിസി മൈതാനത്ത് നടന്ന പക്ഷികള്ക്കെതിരയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്ക് നില്‍പ്പ് സമരം നടത്തി.
എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ച് കുയിലിനും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: