വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കാടിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗൃഹനാഥന്‍ മരിച്ച ദാരുണ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വീടിനടുത്തെ തോട്ടത്തില്‍ വനപാലകര്‍ നോക്കിനില്‍ക്കെ ഹതഭാഗ്യനായ ഈ മനുഷ്യനെ കടുവ ആക്രമിച്ചതും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചതും ജനങ്ങളില്‍ ഭീതി വിതച്ചിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, കടുവയെ പിടികൂടാന്‍ ക്യാമറകളും കൂടുകളും സ്ഥാപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ പോന്നതല്ല. ഇതിന്റെ പ്രധാന കാരണം, ഇത് ആദ്യമായല്ല കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുന്നതെന്നതാണ്. വയനാട്ടില്‍ ഇങ്ങനെയുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഈ ജില്ലയില്‍ എട്ടുപേരെയാണ് കടുവകള്‍ ആക്രമിച്ചുകൊന്നത്. ഇപ്പോഴത്തേത് അവസാനത്തേതാവാന്‍ വഴിയില്ല. മാനന്തവാടിയില്‍ തോമസിനെ ആക്രമിച്ച കടുവയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവായിട്ടുണ്ടെങ്കിലും എപ്പോള്‍, എങ്ങനെ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം വനപാലകര്‍ക്കെതിരെ തിരിഞ്ഞത് സ്വാഭാവികം. നിരവധി പേര്‍ മരിക്കുകയും, മതിയായ സുരക്ഷ വേണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിട്ടും അധികൃതര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയോ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കുകയോ ചെയ്തില്ല. ആക്രമിക്കുന്നത് വന്യജീവികളാണ്. അക്രമികളായ മനുഷ്യരില്‍നിന്ന് ചിലപ്പോഴെങ്കിലും ഇരകള്‍ക്ക് ലഭിക്കാവുന്ന ദയ വന്യജീവികളില്‍നിന്ന് ഉണ്ടാവില്ലല്ലോ.
കടുവ മാത്രമല്ല, ആനയും പുലിയും കാട്ടുപന്നിയുമൊക്കെ കാടിറങ്ങിവന്ന് മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. വനപ്രദേശത്തോടു ചേര്‍ന്നുകിടക്കുന്ന ഇടങ്ങളിലാണ് ഇത്. ആനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും, അപൂര്‍വം അവസരങ്ങളില്‍ യാത്രാവാഹനങ്ങളെ ആക്രമിക്കുന്നതുമൊക്കെ പതിവാണ്. ആനകളുടെ ഇത്തരം പരാക്രമങ്ങളെ മറ്റിടങ്ങളിലുള്ളവര്‍ കൗതുകവാര്‍ത്തകളായി കാണുന്ന രീതിയുമുണ്ട്. കാട്ടുപന്നികളിറങ്ങുകയും കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇടയ്‌ക്കൊക്കെ ഉണ്ടാവാറുണ്ട്. നാട്ടുകാര്‍ ആവലാതിപ്പെടുകയും പ്രതിഷേധിക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഇതൊക്കെ അധികൃതര്‍ നല്‍കുന്ന നഷ്ടപരിഹാരങ്ങളിലൊതുങ്ങുന്ന പ്രശ്‌നങ്ങളാണ്. ഇതുപോലെയല്ല കടുവയും പുലിയുമൊക്കെ ആക്രമിക്കുന്നത്. മനുഷ്യരുടെ ജീവനെടുത്തേ ഇവറ്റകള്‍ മടങ്ങാറുള്ളൂ. അപാരമായ ധീരതകൊണ്ടോ ഭാഗ്യംകൊണ്ടോ ചിലപ്പോഴൊക്കെ ആക്രമിക്കപ്പെടുന്നവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാറുണ്ടെന്നുമാത്രം. കടുവയും പുലിയുമൊക്കെ നിരന്തരം കാടിറങ്ങുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ഇവയുടെ എണ്ണം വര്‍ധിച്ചതാണെന്ന് വ്യക്തം. വയനാട്ടിലെ വനത്തില്‍ത്തന്നെ വന്യജീവി സങ്കേതത്തിലുള്‍പ്പെടെ 120 കടുവകളുണ്ടെന്നാണ് സെന്‍സസില്‍ തെളിഞ്ഞത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായപ്രകാരം കടുവകളുടെ എണ്ണം 157 ആണത്രേ. കടുവകളുടെ വംശവര്‍ധനയ്‌ക്ക് അനുകൂലമാണ് വയനാടന്‍ കാടുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെ വരുമ്പോഴോ ഭക്ഷണം ലഭിക്കാതെ വരുമ്പോഴോ ആണ് വന്യജീവികള്‍ കാടിറങ്ങുന്നത്. ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
നരഭോജികളായ കടുവകളെ കഥകളിലും സിനിമകളിലുമൊക്കെയാണ് മലയാളികള്‍ക്ക് പരിചയം. എന്നാലിപ്പോള്‍ സ്വന്തം വീട്ടുമുറ്റത്ത് അവ പ്രത്യക്ഷപ്പെടുകയാണ്. ഏതു സമയവും ആക്രമണത്തിനിരയാകാവുന്ന മനുഷ്യരുടെ ഭീതി പറഞ്ഞറിയിക്കാനാവില്ല. ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടാനാവുമെന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുകയും വേണം. ഇത് ഒരുകൂട്ടം വനപാലകരുടെ മാത്രം ഉത്തരവാദിത്വമല്ല. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോഴും ആക്രമണമുണ്ടാവുകയും ചെയ്യുമ്പോള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വനംവകുപ്പിനുതന്നെ ആശയക്കുഴപ്പമാണ്. ഗത്യന്തരമില്ലാതെ തോന്നുന്നതു ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് അവയ്‌ക്കെതിരെ നടപടികളെടുക്കുന്നതിന് വിലക്കുകളും നിയന്ത്രണങ്ങളുമുണ്ട്. പലതും കേന്ദ്രനിയമങ്ങളുമാണ്. തെരുവുനായ്‌ക്കളെ നേരിടുന്ന കാര്യത്തില്‍പ്പോലും പരിമിതികളുള്ളത് നാം കണ്ടതാണല്ലോ. കാടിറങ്ങുന്ന വന്യജീവികളെ തിരികെ വനത്തിലേക്ക് കയറ്റിവിടുകയെന്നതു മാത്രമാണ് വനപാലകര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ ചെയ്യാവുന്നത്. മയക്കുവെടി വയ്‌ക്കുന്നതിന്റെപോലും നടപടിക്രമങ്ങള്‍ വളരെ നീണ്ടതാണ്. മാറിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായും വനം മന്ത്രാലയവുമൊക്കെയായി കൂടിയാലോചിച്ച് എന്തൊക്കെ നടപടികളാണ് എടുക്കാന്‍ കഴിയുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരായേണ്ടതുണ്ട്. വയനാട്ടിലേതുപോലെ വന്യമൃഗങ്ങള്‍ മനുഷ്യരുടെ ജീവനെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: