ന്യൂദല്‍ഹി: ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും ഊര്‍ജ പരിവര്‍ത്തന അജണ്ടയില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്രപെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞ പാലിക്കാനായി നൂതനാശയങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ത്യ എത്രത്തോളം തയ്യാറാണെന്ന് ഓട്ടോ എക്സ്പോ-2023 പരിപാടി അടയാളപ്പെടുത്തുന്നതായി ഹര്‍ദീപ് എസ്. പുരി പറഞ്ഞു.
ഓട്ടോമൊബൈല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം, സുരക്ഷിതവും വൃത്തിയുള്ളതും പങ്കിടുന്നതുമായ ഒരു നാളേയ്ക്കായുള്ള ഇന്ത്യയുടെ സാങ്കേതികവിദ്യ, കഴിവ്, കാഴ്ചപ്പാട് എന്നിവയുടെ പ്രദര്‍ശനമായിരിക്കും ഈ പരിപാടിയെന്ന് ഓട്ടോ എക്സ്പോ-2023ല്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും ഇത് ഒരു പ്ലാറ്റ്ഫോം നല്‍കും. ഓട്ടോമോട്ടീവ് കമ്പോണന്റ്സ് മാനുഫാക്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എസിഎംഎ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) എന്നിവര്‍ ചേര്‍ന്നാണ് ‘എക്സ്പ്ലോര്‍ ദ വേള്‍ഡ് ഓഫ് മൊബിലിറ്റി’ എന്ന പ്രമേയവുമായി ഓട്ടോ എക്സ്പോ2023 സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ 100ലധികം കമ്പനികളുടെയും 30000ത്തിലധികം പേരുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി.
എത്തനോള്‍ മിശ്രിതത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ച മന്ത്രി, 2013-14 ല്‍ പെട്രോളിലെ എത്തനോള്‍ മിശ്രിതം 1.53% ആയിരുന്നത് 2022ല്‍ 10.17% ആയി ഉയര്‍ത്തി എന്ന് അറിയിച്ചു.ഇത് 2022 നവംബര്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു മുന്‍പാണെന്നും 2030 ഓടെ പെട്രോളില്‍ 20% എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം 2025-26 ല്‍ തന്നെ കൈവരിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇത് രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല, 41,500 കോടി രൂപയിലധികം വിദേശ വിനിമയ സമ്പാദ്യമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 27 ലക്ഷം മെട്രിക് ടണ്‍ ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുകയും കര്‍ഷകര്‍ക്ക് 40,600 കോടി രൂപ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: