തിരുവനന്തപുരം: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് അരവണ വിതരണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇത്തരം അരവണയുടെ സാംപിള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കണ്ടെത്തി. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനാല്‍ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്ര അതോറിറ്റി കോടതി നിര്‍ദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: