ജയറാം.ആര്.ആര്.
സ്വാമി അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നമുക്ക ലഭ്യമായിട്ട് നൂറ് വര്‍ഷമായി.അതിന്റെ രചയിതാവിനെപ്പറ്റി ഇന്നും സ്ഥിരീകരണമായിട്ടില്ല. ഹരിവരാസനം ശതാബ്ദി ആഘോഷങ്ങള്‍ മലയാളനാട്ടില് പല ഭാഗത്തും തുടങ്ങിയിരിക്കുന്നു. ശബരിമല സന്നിധാനത്ത് ഇപ്പോഴുള്ള രീതിയില്‍ തിരുനട അടക്കും മുന്‍പ് ഹരിവരാസനം പാടാന്‍ ആരംഭിച്ചതിന് കാരണഭൂതനായ മഹാപുണ്യവാനായ ഒരു അയ്യപ്പ ഭക്തനുണ്ട്. അദ്ദേഹമാണ് സ്വാമി വിമോചനാനന്ദ!
കേരളത്തിനു പുറത്ത് വാരാണസി (1951), ഹരിദ്വാര്‍ (1955), കര്‍ണ്ണാടകയിലെ ശ്രീരംഗപട്ടണം (1959), തമിഴ്നാട്ടിലെ കറുപ്പത്തൂര് (1962),പഴയ ആന്ധ്രയിയെ ഖമ്മം(1963) എന്നിവിടങ്ങളില്‍ അദ്ദേഹം അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. 1985 ഒക്ടോബര്‍ മാസം ശ്രീരംഗപട്ടണത്ത് സ്വാമി സമാധിയായി. ശാസ്തൃപാദങ്ങളില് വിലയം പ്രാപിച്ചു. സ്ഥാപിച്ച ക്ഷേത്രങ്ങള്‍ ഒന്നു പോലും സ്വയം ഭരിക്കാതെ തെരഞ്ഞെടുത്ത ഭക്തസമൂഹത്തിനെ ഏല്‍പ്പിച്ച് ആ പുണ്യാത്മാവ് അടുത്ത അയ്യപ്പ ക്ഷേത്രനിര്‍മ്മാണത്തില്‍ മുഴുകി.
തികഞ്ഞ ശ്രീകൃഷ്ണ ഭക്തനായിരുന്ന സ്വാമി 1936 ല്‍ ആദ്യമായി മലചവിട്ടി. അയ്യപ്പദാസനായി മാറിയ അദ്ദേഹം ശബരിമല യാത്ര പതിവാക്കി. 1948ല്‍ ശബരിഗിരിയില്‍ ഏകാന്തതപസ്സിലേര്പ്പെട്ട സ്വാമി 48 ല്‍ത്തന്നെ അയ്യപ്പനെ ഗുരുവായി വരിച്ച് സന്യാസം സ്വീകരിച്ചു. പരിവ്രാജകനായി ഹിമാലയത്തിലേക്ക് പ്രയാണമാരംഭിച്ചു. അവിടെ കണ്ടറിഞ്ഞ ആചാര്യനില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചു.
ഗോവിന്ദന് നായര്‍ എന്ന ഗ്രഹസ്ഥാശ്രമി വിമോചനാനന്ദയായി. പിന്നീട് സമാധി വരെ ആ പുണ്യാത്മാവ് അയ്യപ്പ ധര്‍മ്മപ്രചരണം ജീവിതദൗത്യമായി സ്വീകരിച്ചു. രണ്ട് പുസ്തകങ്ങള്‍ നമുക്കായി അദ്ദേഹം രചിച്ചു. എവര്‍ ബ്ലോസ്സംസ് സെലക്ഷന്‍സ് ഫ്രം ദ സേയിങ്സ്, തോട്ട്സ് ആന്‍ഡ് റിഫ്ളക്ഷന്‍സ്. 1950 ല്‍ അഗ്നിബാധക്കു ശേഷം പുന:പ്രതിഷ്ഠയോടെ സന്നിധാനത്ത് വിമോചനാനന്ദ സ്വാമിയുടെ പ്രേരണയില്‍ മേല്‍ശാന്തി ഈശ്വരന് നമ്പൂതിരിയും, ഗോപാല മേനോനും നിത്യവും ഹരിവരാസനം ചൊല്ലാന്‍ തുടങ്ങി. ഉറക്കുപാട്ടിന്റെ രാഗമായ നീലാംബരിയിലാണ് അന്ന് പാടിയിരുന്നത്. ഇന്ന് പ്രചുര പ്രചാരത്തിലുള്ളത് മധ്യമാവതി രാഗത്തില്‍ ജി.ദേവരാജന്‍ ചിട്ടപ്പെടുത്തി അയ്യപ്പ ഭക്തനായ കെ.ജെ. യേശുദാസ് പാടിയതാണ്.
പൂര്‍വ്വാശ്രമത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മേടയില്‍ കുഞ്ഞുകൃഷ്ണ പിള്ളയുടെയും പൊന്നമ്മയുടെയും മകനായി 1908 ല്‍ ജനിച്ച കെ.ഗോവിന്ദന് നായരാണ് സ്വാമി വിമോചനാനന്ദ . ബിരുദാനന്തരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ 1933 മുതല്‍ 1945 വരെ ജോലി ചെയ്തു. തിരുവനന്തപുരം ചടട കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയായിരുന്നു ധര്‍മ്മപത്നി . അക്കാലത്ത് ബനാറസ് ഹിന്ദു കോളേജില്‍ നിന്ന് ഇംഗ്ലീഷ്ഭാഷാ പഠനം സ്വര്‍ണ്ണ പതക്കത്തോടെ വിജയിച്ച ആളായിരുന്നു കാര്‍ത്യായനിയമ്മ.
ഈ ദമ്പതികള്‍ക്ക് ജയകുമാരി, ഗോപകുമാര്‍, വരദ കുമാരി, വിജയകുമാര്‍ എന്ന് നാലുമക്കള്‍. നാല്വരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒന്നാം തരം ജോലി നേടി. ഏറ്റുമാനൂര്‍ വിഗ്രഹമോഷണ കേസ് തെളിയിച്ച ഗോപകുമാര്‍ ഐപിഎസ് സ്വാമിയുടെ പുത്രനാണ്.
ഹരിവരാസനത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഇപ്പോഴുള്ള പ്രചാരം പ്രസ്തുത കീര്ത്തനത്തിനുണ്ടാവാന് കാരണഭൂതനായ അയ്യപ്പ ഭക്തനും മലയാളിയുമായ സ്വാമി വിമോചനാനന്ദ എന്ന പുണ്യ പുരുഷനെ മനസാ പ്രണമിക്കാം.
സ്വാമിയേ…
ശരണം അയ്യപ്പാ ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: