തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പ് വഴി അമല മെഡിക്കല്‍ കോളജിന് കിട്ടാനുള്ളത് 7,54,61,779 രൂപ. മൊത്തം 14,09,93,007 കോടി രൂപയുടെ ചികിത്സയാണ് അമലയില്‍ നടത്തിയത്. ഇതില്‍ 6,55,31,228 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ചികിത്സയ്‌ക്ക് പണം ചെലവാക്കി തുക കിട്ടാതെ വരുന്നതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് ആശുപത്രി നീങ്ങുന്നത്.
രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നതിനുമുമ്പ് ഇന്‍ഷ്വറന്‍സ് തുകയുടെ അംഗീകാരം പോലും പലപ്പോഴും കിട്ടാറില്ലത്രേ. അതിനാല്‍ ആശുപത്രിയില്‍ നിന്നു തന്നെ പണം എടുക്കേണ്ട സാഹചര്യമാണ്. ഇത്തരത്തില്‍ കോടികളാണ് ഇപ്പോള്‍ തന്നെ ആശുപത്രിയുടെ ഫണ്ടില്‍ നിന്ന് ചെലവാക്കിയിരിക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.
2022 ജൂലൈ മുതലുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. കിട്ടാനുള്ള തുകയ്‌ക്കുവേണ്ടി ബന്ധപ്പെട്ടവരെ വിളിച്ചാലും പ്രതികരണമൊന്നുമില്ല. നിരവധി ജീവനക്കാരാണ് ദിനംപ്രതി മെഡിസെപ് പദ്ധതി വഴി ചികിത്സയ്‌ക്കായി അമല ആശുപത്രിയിലെത്തുന്നത്. കോടികള്‍ കുടിശികയായതോടെ പദ്ധതി തുടര്‍ന്നു കൊണ്ടുപോകാനും സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഡയാലിസിസ് രോഗികളുടെ വിവരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഒരു സമയത്തു മാത്രമേ വിവരങ്ങള്‍ പരിശോധനയ്‌ക്കായി സമര്‍പ്പിക്കാന്‍ കഴിയുന്നുള്ളൂ. പിന്നീട് ക്ലെയിം നല്‍കാന്‍ വൈകിയെന്നു പറഞ്ഞ് ചികിത്സാ ചെലവ് നിഷേധിക്കുകയാണ് ഏജന്‍സി ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതി തന്നെ പണം നല്‍കാത്തതിന്റെ പേരില്‍ നിന്നു പോകുന്ന സ്ഥിതിയിലാണ്. കുടിശിക കൂടുന്തോറും ആശുപത്രിക്ക് ഇത് വഹിക്കാന്‍ പറ്റാതാകും. ഇതോടെ പദ്ധതി തന്നെ ഇടയ്‌ക്കുവച്ച് നിര്‍ത്തേണ്ടി വരും.
കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക ചികിത്സയുള്ള അമല പോലുള്ള ആശുപത്രികളില്‍ പദ്ധതി തുടരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: