ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ പാചകപ്പുരയിലേക്ക് ഇനി താനില്ലെന്ന പഴയിടം മോഹനന് നമ്പൂതിരിയുടെ പ്രഖ്യാപനം കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. പതിനാറ് വര്‍ഷമായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് ഭക്ഷണം തയ്യാറാക്കാന്‍ നേതൃത്വം നല്കിയ പഴയിടത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേവിച്ചെടുത്ത വിവാദത്തെത്തുടര്‍ന്ന് ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. യുവജനോത്സവത്തില്‍ മാംസഭക്ഷണം വിളമ്പാത്തത് വലിയ മതവിവേചനമാണെന്ന് ചില കുബുദ്ധികള്‍ ചേര്‍ന്ന് തീരുമാനിക്കുകയും, അതിലൊരാള്‍ അത് വിളിച്ചുപറയുകയും ചെയ്തതാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.
ഏറ്റവും കുറഞ്ഞ തുകയില്‍ വര്‍ഷംതോറും ഈ മനുഷ്യന് സസ്യഭക്ഷണം തയ്യാറാക്കിയിരുന്നതില് ഇപ്പോള്‍ മാത്രം യാതൊരു നീതീകരണവുമില്ലാതെ ‘ബ്രാഹ്മണാധിപത്യം’ ആരോപിക്കുകയും, ഇടതു-ജിഹാദി സഖ്യത്തിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ അത് ശരിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. സസ്യഭക്ഷണം വിവാദമാക്കിയതോടെ തന്നെ ഭയം പിടികൂടിയെന്നും, ഊട്ടുപുരയ്ക്ക് രാത്രി ഉറങ്ങാതെ കാവലിരിക്കുകയും ചെയ്യുകയായിരുന്നുവെന്ന പഴയിടത്തിന്റെ വെളിപ്പെടുത്തല്‍ മതേതര കേരളം എത്തിനില്‍ക്കുന്ന ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഇത് കാണാന്‍ കൂട്ടാക്കാതെ, അടുത്തവര്‍ഷം മുതല്‍ സ്കൂള്‍ കലോത്സവത്തില്‍ മാംസഭക്ഷണം വിളമ്പുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രഖ്യാപനം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകൂടം മതവിഭാഗീയതയ്ക്ക് കീഴടങ്ങുന്നതിന്റെ നേര്‍ച്ചിത്രമാണ് നല്‍കുന്നത്.
ആരോഗ്യകരവും സൗകര്യവും ലാഭകരവുമായതുകൊണ്ടാണ് സ്കൂള്‍ കലോത്സവത്തില്‍ സസ്യഭക്ഷണം വിളമ്പുന്നത്. അതില്‍ ഒരുതരത്തിലുള്ള ഭക്ഷണഫാസിസവുമില്ലെന്ന് മതവും ജിഹാദും മനസ്സ് മലിനമാക്കാത്ത ഏവര്‍ക്കും മനസ്സിലാവും. കലാമേളയ്ക്കെത്തുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം ഇരുപതിനായിരത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന ഒരു മഹാമേളയില്‍ സസ്യഭക്ഷണം നല്‍കുന്നത് മാത്രമാണ് പ്രായോഗികമെന്ന് ഒരാളെപ്പോലും ബോധ്യപ്പെടുത്തേണ്ടതില്ല. സസ്യഭക്ഷണത്തിനുവേണ്ട സാമഗ്രികളെപ്പോലെ മാംസം സൂക്ഷിക്കാനാവില്ല. സസ്യഭക്ഷണം പോലെ എളുപ്പത്തിലും ആവശ്യത്തിനനുസരിച്ചും മാംസഭക്ഷണം തയ്യാറാക്കാനുമാവില്ല. സസ്യഭക്ഷണമൊരുക്കുന്നതിനു വേണ്ടിവരുന്ന തുകയേക്കാള്‍ വളരെ കൂടുതലായിരിക്കുമല്ലോ മാംസഭക്ഷണത്തിനു വേണ്ടിവരിക.
ഏറ്റവും കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കുന്ന പഴയിടത്തെപ്പോലുള്ളവരെ ഓടിച്ചാല്‍ നികുതിപ്പണം കൊള്ളയടിക്കാമെന്ന ആര്‍ത്തിമൂത്ത കച്ചവടക്കണ്ണും ഈ വിവാദത്തിനു പിന്നിലുണ്ടാവാം. മാംസഭക്ഷണം കഴിച്ച പലര്‍ക്കും ഭക്ഷ്യവിഷബാധയേല്‍ക്കുകയും, ചിലര്‍ മരിക്കുകയുമൊക്കെ ചെയ്യുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഇതൊക്കെ കലോത്സവത്തിലും ആവര്‍ത്തിക്കപ്പെടാനിടയാക്കുന്ന ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിവാദം കുത്തിപ്പൊക്കിയ ഇടതുജിഹാദികള്ക്കും, അവര്‍ക്കു കീഴടങ്ങിയ സര്‍ക്കാരിനുമായിരിക്കും. വിദ്യാര്‍ത്ഥികള്‍ കലാമേളയ്ക്കെത്തുന്നത് സ്വന്തം കഴിവുകള്‍ മാറ്റുരയ്ക്കാനാണ്. തീറ്റ മത്സരമല്ല അവിടെ നടക്കുന്നത്. കലയെയും സാഹിത്യത്തെയുമൊക്കെ അടിസ്ഥാനപരമായി വെറുക്കുകയും, മതപരവും രാഷ്ട്രീയവുമായ മുതലെടുപ്പിനുവേണ്ടി അത് മൂടിവയ്ക്കുകയും ചെയ്യുന്നവരുടെ തനിനിറവും ഭക്ഷണവിവാദത്തിലൂടെ പുറത്തുവന്നു.
പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. പാചകത്തിന് ടെണ്ടര്‍ വിളിച്ചാണ് ആളെ നിയോഗിക്കുന്നത് എന്നുപറഞ്ഞയാളാണ് മന്ത്രി ശിവന്‍കുട്ടി. എന്നിട്ടാണ് ജിഹാദികളുടെ സമ്മര്‍ദ്ദത്തിന് നിര്‍ലജ്ജം കീഴടങ്ങിയത്. ജിഹാദികളുടെ പണംപറ്റി അവര്‍ക്ക് വിടുപണി ചെയ്യുന്ന ചിലരാണ് ഈ വിവാദത്തിന് തിരികൊളുത്തിയതെങ്കിലും അതിന്റെ വേരുകിടക്കുന്നത് മറ്റൊരിടത്താണ്. ‘കാളനാവാമെങ്കില്‍ കാളയുമാകാം’ എന്നു കുറച്ചുകാലം മുന്‍പ് ഒരു മൗദൂദി മാര്‍ക്സിസ്റ്റ് പറയുകയുണ്ടായല്ലോ. അതാണ് യുവജനോത്സവത്തിന്റെ പാചകപ്പുരയില്‍ വേവിച്ചെടുത്തത്.
സംസ്കാരത്തെ നിന്ദിക്കുകയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള വഴികള്‍ തേടുകയും ചെയ്യുന്ന ഇക്കൂട്ടരെ സാമൂഹികമായി ബഹിഷ്കരിക്കണം. ഭക്ഷണത്തിന്റെ പേരില്‍ മതധ്രുവീകരണമുണ്ടാക്കാന് ബീഫ് ഫെസ്റ്റുമായി രംഗത്തിറങ്ങിയവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. സസ്യഭക്ഷണത്തോടും അതു കഴിക്കുന്നവരോടുമുള്ള വെറുപ്പാണ് ഇവരെ നയിക്കുന്നത്. ഇവര്‍ തന്നെയാണ് ഭക്ഷണ വിഭവങ്ങളില്‍ ഹലാല്‍ മുദ്ര അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതും. സ്കൂള്‍ കലോത്സവത്തില്‍ വര്‍ഗീയതയുടെ വിഷം വിളമ്പിയതും ഇവരാണ്.
ജിഹാദികളെ പ്രീണിപ്പിക്കാന്‍ ഭരണസംവിധാനം ഒന്നടങ്കം ദുരുപയോഗിക്കുന്ന സര്‍ക്കാര്‍ ഇതിനൊപ്പം നില്‍ക്കുകയാണെങ്കിലും കേരളത്തിന്റെ പൊതുമനസ്സ് ഇതിനെതിരാണ്. ഇപ്പോള്‍ സസ്യഭക്ഷണത്തിനെതിരെ തിരിഞ്ഞിരിക്കുന്നവര്‍ നാളെ കേരളത്തനിമകളായി നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പലതിനെതിരെയും ഫത്വ പുറപ്പെടുവിക്കും. സാംസ്കാരിക സവിശേഷതകളും ബഹുസ്വരതയുമില്ലാതാവുന്ന ഒരു കെട്ടകാലത്തേക്ക് നമ്മുടെ നാടിനെ നയിക്കാതിരിക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: