കൊച്ചി: സ്കൂള്‍ കലോത്സവം പോലുള്ള പൊതുപരിപാടികളില്‍ നോണ്‍ വെജ് കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ പറ്റിയത് സസ്യാഹാരമാണെന്നും പി.സി. ജോര്‍ജ്ജ്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ഈ പ്രതികരണം.
ഇറച്ചിയും മീനും ഉപയോഗിച്ചാല്‍ അതിനകത്ത് അപകടമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള പരിപാടികളില്‍ നോണ്‍ വെജ് വിളമ്പിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടെന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.
പഴയിടം ഒരു സാത്വികനാണെന്നും അദ്ദേഹം എന്തു പറയുന്നോ അത് കറക്ടായിരിക്കും. സാത്വികനായ, ദൈവഭക്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. കുട്ടികളുടെ ഭക്ഷണത്തിന് മോശം വരുത്താന്‍ പഴയിടം നമ്പൂതിരി തയ്യാറാവില്ലെന്ന് നമുക്കറിയാം. – ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങളായി മോഹനന്‍ നമ്പൂതിരിയുടെ ഭക്ഷണപദാര്‍ത്ഥങ്ങളെപ്പറ്റി വലിയ അംഗീകാരമുണ്ട്. അത് തകര്‍ക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആരോ കോഴിക്കോടുണ്ട് എന്നതില്‍ സംശയമില്ല. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന പഴയിടം നമ്പൂതിരിയെപ്പോലുള്ളവരെ അപമാനിക്കുന്നത് ആരാണെങ്കിലും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം.
ഹോട്ടലിന്റെ പിന്നാമ്പുറത്തു നിന്നും കഴിഞ്ഞദിവസം പിടിച്ചത് പട്ടിയുടെ തലയാണ്. ഇത്തരം വൃത്തികേടുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മത്സ്യത്തിന്റെ കാര്യത്തിലും ഇതുപോലെ മായം കലക്കുന്ന പ്രവണതകള്‍ ഉണ്ട്. – ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: