തിരുവനന്തപുരം : നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട അര്‍ധ ജുഡീഷ്യല്‍ കമ്മിഷന് അധ്യക്ഷ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നെന്ന് ചിന്താ ജെറോമിനെതിരെ പരാതി. സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടെയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ആരോപിച്ച് യുവജന കമ്മീഷന് അധ്യക്ഷയെക്കെതിരെ ലോകായുക്തയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ബിനു ചുള്ളിയില്‍ നല്കിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.
യുവജന കമ്മിഷന് അധ്യക്ഷയുടെ ഭാഗത്തുനിന്നും നിഷ്പക്ഷമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. എന്നാല്‍ ചിന്താ ജെറോം സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണം, അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
അടുത്തിടെ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ലോകായുക്തയിലും പരാതി ഉയര്‍ന്നിരിക്കുന്നത്. 17 മാസത്തെ ശമ്പളക്കുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ചിന്താ ജെറോമിന്റെ അപേക്ഷയിലാണ് ഇത്രയും തുക അനുവദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ ഉത്തരവ് നിലവില്‍ തടഞ്ഞെവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: