തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചാന്‍സിലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചേക്കും. സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ച് തനിക്ക് മുകളിലുള്ളവര്‍ തീരുമാനം കൈക്കൊള്ളട്ടേയെന്നാണ് ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചത്. ഇതോടെ ബില്‍ രാഷ്ട്രപതിക്ക് അയച്ചേക്കുമെന്നാണ് സൂചന.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നീട്ടിക്കൊണ്ടുപോയാല്‍ കോടതിയെ സമീപിക്കാനും പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. വിഷയത്തില്‍ അതിവേഗം തീരുമാനം കൈക്കൊള്ളില്ല. വിശദമായി പഠിച്ച് നിയമോപദേശം തേടിയശേഷം ആയിരിക്കും നടപടിയെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ഉടനൊന്നും ബില്ലില്‍ തീരുമാനമാകില്ല.
സര്‍വകലാശാലകളില്‍ യുജിസി ചട്ടം പാലിക്കാതെ ഇടത് സര്‍ക്കാരിന് താത്പ്പര്യമുള്ളവരെ വിസി സ്ഥാനത്തേയ്ക്കും മറ്റും തിരുകി കയറ്റാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി ഉപയോഗിച്ച് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയത്. ഇതോടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനും വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയായിരുന്നു.
അതേസമയം കഴിഞ്ഞ നിയമസഭ കൊണ്ടുവന്ന ബില്ലുകളില്‍ ചാന്‍സിലര്‍ ബില്‍ ഒഴികെ ബാക്കിയുള്ളതില്‍ ഗവര്‍ണര്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. ചാന്‍സിലര്‍ ബില്ലില്‍ നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: