പി.കെ.സജീവ്
മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍
ശബരിമല ക്ഷേത്രത്തിലെ പ്രഥമ പൂജാരിയും ശബരിമല ക്ഷേത്രത്തിന്റെ 18 പടികളില്‍ ഒന്നാമത്തെ പടി സ്ഥാപിക്കുകയും ചെയ്ത കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ടത് അത്യന്തം സങ്കടകരമായ വാര്‍ത്തയാണ്. ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് ഇട നല്‍കുകയും ചെയ്തിരിക്കുന്നു എന്നത് ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ പ്രസക്തി വെളിപ്പെടുത്തുന്നു. മലഅരയ ആത്മീയ പ്രസ്ഥാനമായ ശ്രീഅയ്യപ്പ ധര്‍മ്മസംഘത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് വൈകിട്ട് ശബരിമല തീര്‍ത്ഥാടനത്തിനായി പരമ്പരാഗത പാതയിലൂടെ കരിമലയില്‍ എത്തിയപ്പോഴാണ് ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കല്ലറ തുറക്കപ്പെട്ട നിലയിലും തകര്‍ക്കപ്പെട്ടതായും കാണപ്പെട്ടത്. ഇത് കേവലം ഒരു കല്ലറ അല്ല, മറിച്ച് ശബരിമല അടക്കം 18 മലകളിലും അധിവസിച്ചിരുന്ന മലഅരയ സമുദായത്തിന്റെ പൗരാണിക നാഗരികത സൃഷ്ടിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കുകയും തദനന്തരം സമാദരണീയനായിത്തീരുകയും ചെയ്ത കരിമലയുടെ അധിപനായിരുന്ന, പില്ക്കാലത്ത് കരിമല മൂര്‍ത്തിയായി മാറിയ കരിമല അരയന്റെ പ്രിയപ്പെട്ട ജനത നിര്‍മ്മിച്ച ആരാധനാകേന്ദ്രമാണ്. ഈ പ്രവൃത്തി ചെയ്തത് ആരായാലും അത് ചരിത്രത്തോടും, വിശ്വാസത്തോടും കാണിച്ച അക്ഷന്തവ്യമായ അപരാധമാണ്.
മറ്റു കല്ലറകളില്‍ നിന്നും വളരെയേറെ വ്യത്യസ്തമായിട്ടാണ് കരിമല അരയന്റെ കല്ലറ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി വലിയ കല്ലുകള്‍ വിസ്തൃതിയോടുകൂടി കീറിയെടുത്താണ് ഉപയോഗിച്ചിരിക്കുന്നത്. ആ കാലഘട്ടങ്ങളില്‍ വികസിതമായ ഒരു നാഗരികത ഈ പ്രദേശത്ത് നിലനിന്നിരുന്നു എന്നതിനു തെളിവായിരുന്നു ഇത്. 12അടി നീളവും നാലടി വീതിയുമുള്ള ഈ കല്ലറ ശബരിമല ക്ഷേത്രത്തിന്റെ ഒന്നാമത്തെ പടിയിട്ട ശ്രീകരിമല അരയന്റെ കല്ലറയാണെന്ന് പൂര്‍വ്വികര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. മല യാത്രയില്‍ ഇവിടെത്തി അവിലും, മലരും, സമര്‍പ്പിച്ച് പരമ്പരാഗത പൂജകള്‍ നടത്തിയാണ് മലഅരയരടക്കം ലക്ഷോപലക്ഷം ഭക്തര്‍ ശബരിമലക്ക് പോയിരുന്നത്. അതി പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിച്ചിരുന്ന കരിമലയില്‍ ആരാധനാലയം, ചതുരക്കിണര്‍, നാളികേരം ഉടയ്ക്കാനുള്ള പുണ്യശില എന്നിവയും വെട്ടുകല്ലുകൊണ്ടു നിര്‍മ്മിച്ച പുരത്തറകള്‍, പ്രത്യക രീതിയില്‍ നിര്‍മ്മിച്ച ക്ഷേത്രക്കുളം എന്നിവയടക്കം നിരവധി നിര്‍മ്മിതികള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ഇതില്‍ കരിമല അരയന്റെ ആരാധനാ കേന്ദ്രമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.
കരിമല അക്കാലത്തെ വളരെ തന്ത്രപ്രധാനമായ സ്ഥലമായിരുന്നു. ഇതു മനസ്സിലാക്കണമെങ്കില്‍ ഈ പുണ്യഭൂമിയുടെ പുരാതന പൈതൃകത്തെ മനസ്സിലാക്കുന്നതിനൊപ്പം ചരിത്രപരമായ പ്രസക്തിയും ഉള്‍ക്കൊള്ളുന്ന പ്രാചീന പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. മായന്‍ സംസ്കാരം പോലെ മഹത്തായ ഒരു സംസ്കാരത്തിന്റെ പ്രഭവ കേന്ദ്രവും പ്രതാപ സ്ഥാനവുമായിരുന്നു കരിമല. ഇനിയും ചുരുളഴിയാനുള്ള അനവധി ചരിത്ര സത്യങ്ങളും സാംസ്കാരിക പൈതൃകങ്ങളും വിശ്വാസങ്ങളും, ഐതിഹ്യങ്ങളും 18 മലകളിലുമായി ഇന്നും മറഞ്ഞിരിക്കുന്നു. കരിമലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിലനിന്നിരുന്ന ആരാധനാ കേന്ദ്രങ്ങളുടെയും പൗരാണിക ജനവാസ കേന്ദ്രങ്ങളുടെയും അസംഖ്യം പ്രത്യക്ഷ പ്രമാണങ്ങള്‍ ഇന്നും ഇതു വിളിച്ചോതുന്നു.
കരിമലയുടെ കിഴക്ക് ശബരിമലയും പടിഞ്ഞാറ് നിലക്കല്‍ മഹാദേവ ക്ഷേത്രവും, തെക്ക് പാപ നാശിനിയായ പമ്പാനദിയും, വടക്ക് എണ്ണക്കാവള്ളി മഹാദേവക്ഷേത്രവും, സമീപങ്ങളില്‍ ദേവസ്ഥാനങ്ങളായ, തലപ്പാറമല, ഇഞ്ചിപ്പാറമല, കാളകെട്ടിമല, മുക്കുഴി, പുതുശ്ശേരി എന്നീ അതിപ്രാചീന നാഗരികതയുടെ കേന്ദ്രങ്ങളും പുണ്യനദിയായ അഴുതാനദിയും കാണാം. വാല്മീകി രാമായണത്തില്‍ ആരണ്യകാണ്ഡത്തില്‍ ശബര്യാശ്രമ പ്രവേശത്തിലും ചരിത്രത്തിലെന്ന പോലെ വിശ്വാസത്തിലും കരിമല ഏറെ പ്രശസ്തമാണ്.
വാല്മീകി രാമായണം, ആരണ്യ കാണ്ഡം, സര്‍ഗം 73, ശ്ലോകം 27: ‘തദസ്തദ്രാമ പംപായാസ്തീരമാസാദ്യ പശ്ചിമം
ആശ്രമ സ്ഥാനമതുലം ഗുഹ്യം കാകുത്സ്ഥ പശ്യതി’
പമ്പാനദിയുടെ പടിഞ്ഞാറേകരയെ പ്രാപിച്ച് അവിടെ നിസ്സീമവും ഏകാന്തവുമായ തപോവനത്തെ നിന്തുരുവടി ദര്‍ശിക്കുന്നതാണ്.
സര്‍ഗം 74, ശ്ലോകം 4:
‘തൗ പുഷ്കരിണ്യാ: പമ്പായാ: തീരമാസാദ്യ പശ്ചിമം
അപശ്യതാം തതസ്തത്ര ശബര്യാ രമ്യമാശ്രമം’
അവര്‍ രണ്ടുപേരും പമ്പാസരസിന്റെ പടിഞ്ഞാറേകരയെ പ്രാപിച്ച് അവിടെ ആ സമയം ശബരിയുടെ മനോഹരമായ ആശ്രമത്തെ കണ്ടു.
തുടര്‍ന്ന് മതംഗവനമെന്ന് അക്കാലത്ത് പ്രസിദ്ധിയാര്‍ജിച്ചിരുന്ന ആരണ്യത്തെ ശ്രീരാമ ലക്ഷ്മണന്മാര്ക്ക് ശബരി എന്ന തപസ്വിനി കാട്ടിക്കൊടുക്കുന്നതായി വാല്മീകി രാമായണത്തില്‍ 74-ാമത് സര്‍ഗത്തില്‍ 21 മുതലുള്ള ശ്ലോകങ്ങളില്‍ വിവരിക്കുന്നു. മതംഗവനമെന്നത് ശബരിയുടെ പരമജ്ഞാനികളായ ആചാര്യന്മാരാല് വിധി പ്രകാരം മന്ത്രങ്ങളാല്‍ പാവനമാക്കപ്പെട്ട യാഗങ്ങളാല് ഹവനം ചെയ്തു പവിത്രമാക്കപ്പെട്ട സ്ഥലമാണ് എന്ന് ശബരി പറയുന്നു. വിശിഷ്ടരായ താപസന്മാര് തപസ്സനുഷ്ഠിച്ചിരുന്ന മതംഗ വനത്തില്‍ സന്യാസിനിയായി കഴിഞ്ഞു വന്നിരുന്ന ശബരി ശാപമോക്ഷം ലഭിച്ച് ദേഹത്യാഗം ചെയ്യുന്നതിന് മുന്‍പായി മതംഗ വനത്തില്‍ താപസര്‍ പുഷ്പാര്‍ച്ചനകള്‍ നടത്തിവന്ന പ്രത്യക്സ്ഥലി എന്നു പേരായ ഒരു മണ്ഡപവും രാമ ലക്ഷ്മണന്മാര്ക്ക് കാണിച്ചു കൊടുക്കുന്നു. താപസന്മാരുടെ തപോ മഹിമയാല് അതീവ കാന്തിയാല്‍ ശോഭിക്കുന്ന യാഗ വേദികള്‍, അവരുടെ ചിന്തയുടെ പ്രഭാവത്താല്‍ വന്നു ചേര്‍ന്ന ഏഴു സമുദ്ര തീര്‍ത്ഥങ്ങള്‍, താപസന്മാര് ദേവപൂജ ചെയ്യുന്ന നീലത്താമരകള്‍, അവരുടെ മരവുരികള്‍ എന്നിവയെല്ലാം ശബരി രാമ ലക്ഷ്മണന്മാര്ക്ക് കാണിച്ചു കൊടുത്തതിനു ശേഷം ദേഹത്യാഗം ചെയ്യുന്നു. അതി വിശിഷ്ടമായ മതംഗ വനത്തില്‍ എത്തിച്ചേര്‍ന്നതില്‍ ശ്രീരാമ ലക്ഷ്മണന്മാര് അതിയായ സന്തോഷം രേഖപ്പെടുത്തുന്നതായി 75-ാമത് സര്‍ഗം രേഖപ്പെടുത്തുന്നു. അവിടെ അവര്‍ സപ്തസാഗര തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തു പിതൃതര്‍പ്പണവും ചെയ്യുന്നു.
ഗജവീരന്മാര് യഥേഷ്ടം വിഹരിച്ചു നടന്നിരുന്ന സമസ്ത ജീവികളും സമാധാന പൂര്‍ണ്ണമായി വസിച്ചു വന്നിരുന്ന മതംഗ വനമാണ് കരിമല എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധമായത്. മതംഗം എന്നാല്‍ ആന എന്നാണര്‍ത്ഥം. കരി എന്നത് ആനയുടെ പര്യായം ആണല്ലോ. ശബരിയുടെ പുണ്യ സാന്നിദ്ധ്യത്താല്‍ പാവനമായ പമ്പാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന 18 മലകളും ചേര്‍ന്ന് ശബരിമല എന്നറിയപ്പെട്ടു. ശബരിയുടെ മോക്ഷ പ്രാപ്തിക്കു ശേഷമാണ് പമ്പാ നദി കടന്ന് സുഗ്രീവ സംഗമത്തിനായി അടുത്ത മലയായ ഋഷ്യമൂകാചലത്തിലേക്ക് രാമലക്ഷ്മണന്മാര് പോവുന്നത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് കരിമലയും അനുബന്ധ മലകളും പൗരാണിക സാംസ്കാരിക കേന്ദ്രങ്ങള്‍ ആയിരുന്നു എന്നു തന്നെയാണ്.
നാലുവശവും ഉയര്‍ന്ന കുന്നുകളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കരിമലയില്‍ ജലദൗര്‍ലഭ്യം വലിയ പ്രതിസന്ധിയായിരുന്നു. ഒരിക്കല്‍ കടുത്ത വേനല്‍ക്കാലത്ത് ശ്രീ അയ്യപ്പന് പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തി. കരിമലയുടെ അധിപനായ കരിമല അരയന്റെ വീട്ടിലെത്തി. വീട്ടിലേക്കു പ്രവേശിക്കും മുന്‍പ് കൈകാലുകള്‍ കഴുകുന്നതിനും ദാഹമകറ്റുന്നതിനുമായി ജലം ആവശ്യപ്പെട്ടു. വീട്ടിലേക്ക് ജലമെടുക്കാനായി പ്രവേശിച്ച കരിമല അരയന് വെറും കൈയോടെ തിരികെ എത്തി. വീട്ടില്‍ ജലം ഇല്ലെന്നും അകലെ നിന്നും ജലം എത്തിച്ചു നല്‍കാമെന്നും അയ്യപ്പനോട് മറുപടി പറഞ്ഞു. പ്രായമേറെയായ കരിമല അരയന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ശ്രീ അയ്യപ്പന് ഭൂമിയിലേക്ക് അസ്ത്രം അയച്ചു. അത്ഭുതമെന്നു പറയട്ടെ അസ്ത്രം പതിച്ച സ്ഥലത്തു നിന്നും ജലം ധാരാളമായി പ്രവഹിച്ചു. ആ ജല സ്രോതസ്സ് കരിമലയില്‍ ഇന്നും ഏതു വേനലിലും വറ്റാതെ നിലനില്‍ക്കുന്നത് കാണാം. ഇതു പോലെ നിരവധി വിശ്വാസങ്ങളും പാരമ്പര്യങ്ങളും പുരാതന ഗ്രന്ഥങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സുസ്ഥിരമായ ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. അവ യഥാര്‍ത്ഥത്തില്‍ നമ്മുടെ ചരിത്രത്തിന്റെ യഥാര്‍ത്ഥ സംഭവങ്ങളാണ്. ആ വിലപ്പെട്ട ചരിത്ര സ്മരണകള്‍ മേല്‍പ്പറഞ്ഞ 18 മലകളില്‍ ഇന്നും നിലനില്ക്കുന്നു. ചരിത്രം ഈ മലകളിലും മല അടിവാരങ്ങളിലുമുള്ള ദേവസ്ഥാനങ്ങളിലുമുണ്ട്.
കരിമലയില്‍ നിന്നു നാലു കിലോമീറ്ററിനുള്ളിലാണ് എണ്ണക്കാവള്ളി മഹാദേവ ക്ഷേത്രം. മനോഹരമായ കൊത്തുപണികളാല്‍ ശിലകളില്‍ നിര്‍മ്മിതമായിരുന്ന ഈ ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ അഞ്ച് ഏക്കറിലായി ചിതറി കിടക്കുന്നതായി കാണാം. ഇവിടത്തെ ക്ഷേത്രക്കുളത്തിനു മാത്രം രണ്ട് ഏക്കര്‍ വിസ്തൃതി ഉണ്ട്. അത്രയേറെ ജനനിബിഢമായിരുന്നു ഇവിടം. നിരവധി പുരത്തറകളും ആയുധ നിര്‍മ്മാണ ശാലകളുടെ ശേഷിപ്പുകളും ഇവിടെ കാണാം. പഞ്ചപാണ്ഡവര്‍ അജ്ഞാത വാസക്കാലത്ത് ഇവിടെയും പാഞ്ചാലിമേട്ടിലും താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഒരിക്കല്‍ മറ്റു ചിലര്‍ ഇവിടത്തെ കുളം വറ്റിക്കാനായി ശ്രമിച്ചെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായതായും ക്ഷേത്രക്കുളം തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായും തെളിവുകള്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: