വടക്കാഞ്ചേരി: മച്ചാട് വനമേഖലയില്‍ വന്‍ ചന്ദനക്കൊള്ള. മച്ചാട് ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തു നിന്നും ചന്ദന മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തിയതായി കണ്ടെത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയ ചന്ദന മാഫിയക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കാടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് വ്യാപകമായി ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റിയ കുറ്റികള്‍ കണ്ടെത്തിയത്. വനത്തിന് മൂന്ന് കിലോമീറ്ററോളം ഉള്ളിലായി നിരവധി ഭീമന് മരക്കുറ്റികളും കണ്ടെത്തിയിട്ടുണ്ട്.
വാഹനമെത്താത്ത ഉള്‍ക്കാടിനുള്ളില്‍ നിന്നും ചെറിയ കഷ്ണങ്ങളാക്കി കടത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉള്‍ക്കാടിനുള്ളിലേക്ക് വെള്ളവും മറ്റും കൊണ്ടുപോയ ഒഴിഞ്ഞ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മുറിച്ച മരങ്ങളില്‍ നിന്ന് ചന്ദനത്തിന്റെ കാതല്‍ മാത്രമെടുത്ത് അവശിഷ്ടങ്ങള്‍ വനത്തില്‍ ഉപേക്ഷിച്ച നിലയിലാണ്. കാതല്‍ പരിശോധിക്കുന്നതിനായി നിരവധി ചെറിയ മരങ്ങള്‍ വെട്ടി മുറിച്ചും നശിപ്പിച്ചിട്ടുണ്ട്.
വനത്തിനുള്ളില്‍ നിന്നു കൂടുതല്‍ മരങ്ങള്‍ കടത്തിക്കൊണ്ടു പോയിരിക്കാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരില്‍ ചിലര്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചുവെങ്കിലും നടപടി കൈക്കൊണ്ടില്ലെന്ന പരാതിയുമുണ്ട്. ഒരു വിഭാഗം വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വനം കൊള്ളയെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ചന്ദനമാഫിയക്കെതിരെ ജനരോഷവും ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: