കോട്ടയം: ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് നഗരസഭയുടെ നടപടി. ഹോട്ടലിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് ജനുവരി രണ്ടിനാണ് യുവതി മരിച്ചത്. കഴിഞ്ഞ മാസം 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് രശ്മിക്ക് രോഗബാധയുണ്ടാവുകയായിരുന്നു. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മൂന്ന് ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: