പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ വാസസ്ഥലമായിരുന്ന പന്തളത്തു നിന്നും കാണാന്‍ കഴിയുന്ന വിധം പത്തനംതിട്ട നഗര മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം സ്ഥാപിക്കും. ശ്രീരാമനും സീത ദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രമായ സ്ഥലമാണ് സമുദ്ര നിരപ്പില്‍ നിന്നും 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ഇവിടെയാണ് ശില്പം നിര്‍മിക്കുക. സീത ദേവി കുളിക്കാനുപയോഗിച്ചെന്നു കരുതുന്ന വേനലില്‍ വറ്റാത്ത കുളം പാറമുകളില്‍ ഇപ്പോഴുമുണ്ട്. 133 അടിയുള്ള അയ്യപ്പന്റെ യോഗീ ഭാവത്തിലുള്ള ശില്‍പ്പം നിര്‍മ്മിക്കുന്നത് ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് ആണ്.
ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരിയും വാസ്തു ശാസ്ത്ര വിദഗ്ധനുമായ മോക്ഷഗിരി മഠം ഡോ. രമേശ് ശര്‍മ്മയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ആഴിമലയില്‍ കേരളത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ സ്ഥാപിച്ച ശില്പി ദേവദത്തിന്റെ നേതൃത്വത്തില്‍ ആണ് നിര്‍മ്മാണം. 34 കി. മീ അകലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ദര്‍ശിക്കാന്‍ കഴിയുന്ന ശില്‍പ്പം പത്തനംതിട്ട ജില്ലയിലേക്ക് കടക്കുമ്പോള്‍ തന്നെ പുണ്യ കാഴ്ചയാകും.അയ്യപ്പ ചരിതം ഉള്‍പ്പെടുന്ന മ്യൂസിയം,പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും, പമ്പ, അഴുത നദികളുടെ വിവരണങ്ങള്‍ വാവരുസ്വാമിയുടെ പ്രതിമ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കോണ്‍ക്രീറ്റിലാണു ശില്പം തയാറാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: