ബെംഗളൂരു : കര്‍ണ്ണാടക സുള്ള്യയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കായി പ്രതിഫലം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്താനാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ദക്ഷിണ കന്നടക്കാരനായ സുള്ളിയ സ്വദേശി ബൂദു ഹൗസില്‍ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചര്‍, മടിക്കേരിയിലെ എം.എച്ച്. തൗഫല്‍ എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും, കല്ലുമുട്ടുലു വീട്ടില്‍ എം.ആര്. ഉമ്മര്‍ ഫാറൂഖ് എന്ന ഉമ്മര്‍, ഗുജിരി സിദ്ദിഖ് എന്ന് വിളിക്കുന്ന സുള്ള്യ സ്വദേശി ബെല്ലാരി ഹൗസില്‍ അബൂബക്കര്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഫോട്ടോകളും മേല്‍വിലാസവും ഉള്‍പ്പെട്ട നോട്ടീസ് നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി എന്‍ഐഎ. പതിച്ചുകഴിഞ്ഞു. ഇത് കൂടാതെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും നോട്ടീസ് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. സ്വന്തം സ്ഥാപനമായ കോഴിക്കട അടച്ചുപോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: