ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ് പേയിയുടെ ജീവചരിത്രം സിനിമയാകുന്നു. പങ്കജ് ത്രിപാഠി എന്ന വിഖ്യാത നടനാണ് വാജ് പേയിയായി പ്രത്യക്ഷപ്പെടുന്നത്.
‘മേ അടല്‍ ഹൂം’ (ഞാന്‍ അടല്‍ ആണ് ) എന്നാണ് സിനിമയുടെ പേര്. വാജ്പേയിയുടെ ജന്മദിനമായ ഞായറാഴ്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. “അടല്‍ജിയുടെ വ്യക്തിത്വം സത്യസന്ധമായി അവതരിപ്പിക്കാന്‍ ഞാന്‍ എന്റെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. ഈ പുതിയ വേഷത്തോട് നീതി പുലര്‍ത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്.” – പങ്കജ് ത്രിപാഠി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കവി, രാഷ്ട്രീയ നേതാവ്, പ്രധാനമന്ത്രി തുടങ്ങി ജീവിതത്തിലെ പല റോളുകള്‍ കൈകാര്യം ചെയ്ത വാജ്പേയിയെ കാണാം. “ഒരിടത്തും തല കുനിക്കുകയോ ഇളകുകയോ ചെയ്തിട്ടില്ല. ഞാന്‍ ഒരു സവിശേഷ ശക്തിയാണ്. ഞാന്‍ ശക്തനാണ്. “- ഞായറാഴ്ച പങ്കുവെച്ച പോസ്റ്ററില്‍ വാജ്പേയിയുടെ വ്യക്തിത്വത്തിന്റെ വിളംബരം കൂടിയാണ്.
2023 ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് രവി ജാദവാണ് സംവിധാനം. ഉത്കര്‍ഷ് നെയ്താനിയാണ് തിരക്കഥ, സലിം സുലൈമാന്‍ സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: