മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടയത്ത് അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയില്‍ തുടങ്ങിയ സ്ഥാപനമാണ് കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്. രാജ്യത്തിനാകെ മാതൃകയാകേണ്ട സ്ഥാപനം ഇന്ന് ജാതി വിവേചനത്തിന്റെ വിളനിലമാണ്. ദളിത് വിരുദ്ധതയും കെടുകാര്യസ്ഥതയും മൂലം പഠനം ദുസ്സഹമാകുന്നതായാണ് വിദ്യാര്‍ഥികളുടെ പരാതി. ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഇരുപതു ദിവസം കടന്നിരിക്കുന്നു.
വിദ്യാര്‍ഥികളും ജീവനക്കാരും നേരിടുന്ന ജാതി വിവേചനം, സംവരണ അട്ടിമറി, അക്കാദമിക് രംഗത്തെ പിഴവുകള്‍, വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഇല്ലായ്മ, ഇ-ഗ്രാന്റ് വിതരണത്തിലെ മെല്ലെപ്പോക്ക്, എന്നിവയെല്ലാം സ്ഥാപനത്തെ ഗ്രസിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളും ജീവനക്കാരും ക്രൂരമായ ജാതി വിവേചനമാണ് നേരിടുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ തൂപ്പുജോലിക്കാരെ കൊണ്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനന് വീട്ടുജോലി ചെയ്യിപ്പിക്കുന്ന കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വീപ്പര്‍ ജോലിക്കാര്‍ ഡയറക്ടറുടെ വീട്ടിലെ പണിയുമെടുക്കണം. ശൗചാലയം കൈകൊണ്ട് തന്നെ കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം!
സ്വന്തമായി വാഹനമുള്ളവരെയാണ് ഡയറക്ടറുടെ വീട്ടില്‍ അനൗദ്യോഗിക ജോലി ചെയ്യാനായി വിളിക്കുന്നത്. അതിഥികള്‍ എത്തുന്ന വിശേഷ ദിവസങ്ങളിലും വിളിയുണ്ടാകും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ വിനിയോഗിക്കരുതെന്ന് നിയമം നിലനില്‍ക്കെയാണ് സ്വീപ്പര്‍ തസ്തികയിലുള്ളവരോടുള്ള ക്രൂരത. മിക്ക ജീവനക്കാരും ഡയറക്ടറുടെ ജാതി വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.
സിലബസില്ല, അക്കാദമിക് കലണ്ടറില്ല
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കെ.ആര്. നാരായണന് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് പ്രവര്‍ത്തിക്കുന്നത്. പുതിയ ബാച്ച് തുടങ്ങി ഒരു മാസമായിട്ടും കൃത്യമായ സിലബസോ അക്കോദമിക് കലണ്ടറോ നല്‍കിയിട്ടില്ല. ഇ-ഗ്രാന്റ് വിതരണത്തില്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടതായി വരെ വന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ ഇപ്പോഴുമുണ്ട്.
എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവുകളെ കുറിച്ച് അധികൃതര്‍ക്ക് തന്നെ വ്യക്തതയില്ല. സാമ്പത്തിക പ്രശ്നം മൂലം വിദ്യാര്‍ഥികള്‍ ഇത്രയും ബുദ്ധിമുട്ടുമ്പോഴും അതിനു വേണ്ട നടപടിയെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാവുന്നില്ല. കാന്റീന് ഫീസ് അധികമാണെന്നും ഇതു കുറയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഡയറക്ടര്‍ എടുത്തിട്ടില്ല. കോഴ്സ് കഴിഞ്ഞ പല വിദ്യാര്‍ഥികള്‍ക്കും കൃത്യമായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന പരാതിയും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്.
സംവരണ അട്ടിമറി
അഡ്മിഷനില്‍ സംവരണം അട്ടിമറിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. 2022 ബാച്ച് അഡ്മിഷന് സമയത്ത് എഡിറ്റിങ് വിഭാഗത്തില്‍ പത്ത് സീറ്റില്‍ നാലെണ്ണം ഒഴിഞ്ഞു കിടന്നിരുന്നു. എന്നിട്ടും ദളിത് വിദ്യാര്‍ഥിയായ ശരത്തിന് സീറ്റ് നിഷേധിച്ചു. ഫീസ് സംവരണം ലഭിക്കേണ്ടവര്‍ക്ക് മനപൂര്‍വം നല്‍കുന്നില്ലെന്നും ഇതിനായുള്ള നടപടികള്‍ മെല്ലപ്പോക്കിലാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഒഇസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവ് ലഭിക്കാത്തതിനാല്‍ ടിസി വാങ്ങിപ്പോയ സംഭവങ്ങളുമുണ്ടായി.
ദളിത് വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകളും ഫെലോഷിപ്പുകളും നഷ്ടപ്പെടുന്നു. പലരും സാമ്പത്തിക ബാധ്യത കാരണം കോഴ്സ് പൂര്‍ത്തിയാക്കാനാവാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോവുന്നു. ചിലര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായുള്ള നിയമ പോരാട്ടത്തിലാണ്. പുതിയ ഡയറക്ഷന്‍ കോഴ്സ് ബാച്ചില്‍ 15 ശതമാനം സംവരണം കാറ്റില്‍ പറത്തിയാണ് അഡ്മിഷനെന്ന് സമരസമിതി ആരോപിക്കുന്നു. കൃത്യമായ മെറിറ്റ് ലിസ്റ്റോ വെയിറ്റിങ് ലിസ്റ്റോ പ്രസിദ്ധീകരിക്കാതെയാണ് അഡ്മിഷന് നടത്തിയത്.
ഇ-ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോളേജിനു മുന്പില് സമരം നടത്തിയ അനന്തപത്മനാഭനെ അഞ്ചുവര്‍ഷത്തെ പഠന ശേഷം ചെയ്യേണ്ടിയിരുന്ന പ്രധാന പ്രോജക്ടില്‍ നിന്ന് യാതൊരു അറിയിപ്പും കൂടാതെ മാറ്റിനിര്‍ത്തി. ഇതിനെതിരെ അനന്തപത്മനാഭന് ഹൈക്കോടതിയില്‍ കേസ് നല്കി. കേസ് പിന്‍വലിക്കാന്‍ പലതരത്തിലും സമര്ദ്ദമുണ്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് അനന്തപത്മനാഭന്.
ആദ്യബാച്ചിനും സര്‍ട്ടിഫിക്കറ്റില്ല
2014-ലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. 2015 ബാച്ചിന്റെ കോഴ്സ് 2018-ല്‍ പൂര്‍ത്തിയാകേണ്ടതാണെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. പലപല കാരണങ്ങളാല്‍ നീണ്ടുപോയ കോഴ്സില്‍ 2020 ഫെബ്രുവരിയിലാണ് ഡിപ്ലോമ ഫിലിം നിര്‍മാണം തുടങ്ങിയത്.
ആകെ ചെയ്യേണ്ട പത്ത് ചിത്രങ്ങളില്‍ നാലെണ്ണത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും കൊവിഡ് ലോക്ക്ഡൗണായി ഷൂട്ടിങ് നിര്‍ത്തി. പിന്നീട്, 2021 ഫെബ്രുവരിയിലാണ് ചിത്രാഞ്ജലിയില്‍ ഡിപ്ലോമ ഫിലിം ഷൂട്ടിങ് തുടങ്ങിയത്. ദലിത്, പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള ഇ- ഗ്രാന്റ് ലഭിക്കാത്തതാണ് 2020 ജൂണില്‍ നടത്താന്‍ ആലോചിച്ച ഷൂട്ടിങ് ഫെബ്രുവരിവരെ നീളാന്‍ കാരണം. 2014-ല്‍ തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2021 ആയിട്ടും ഒരു വിദ്യാര്‍ഥിക്കും ഇ-ഗ്രാന്റ് ലഭിച്ചിരുന്നില്ല. ഡയറക്ടര്‍ക്കും സര്‍ക്കാരിനുമൊക്കെ പലതവണ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇ-ഗ്രാന്റ് കിട്ടാതെ ഫൈനല്‍ പ്രൊജക്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഒടുവില്‍ നല്കാന് തീരുമാനമായത്.
ഇ-ഗ്രാന്റ്നുവേണ്ടി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഒഴിവാക്കി ഷൂട്ടിങ് നടത്താനാണ് 2020 ഡിസംബറില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രാതിനിധ്യമില്ലാത്ത അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചത്. പ്രതിഷേധിച്ചവരെ പിരിച്ചുവിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അക്കാദമിക് കൗണ്‍സിലിലെ ഒരംഗം തന്നെ എതിര്‍ത്തതിനാലാണ് നടപടി ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: