ന്യൂദൽഹി: ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
കൊവിഡ് നാലാം തരംഗ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. യാത്രയിൽ മാസ്ക് സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഇത് സാധ്യമല്ലെങ്കിൽ രാജ്യതാൽപ്പര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കാൻ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര ഹരിയാനയിലാണ് പര്യടനം നടത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര ഹരിയാനയിൽ എത്തിയ ശേഷം പഞ്ചാബിലേക്ക് പോകും. ലോകമെമ്പാടും കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജാഗ്രത വർധിപ്പിച്ചു. നിരീക്ഷണം ശക്തമാക്കാനും ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: