ലഖനൗ: തടവുകാര്‍ ശിക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാന്യമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍ പ്രദേശിലെ ജയിലുകളില്‍ വസ്ത്ര നിര്‍മാണത്തിന് പരിശീലനം നല്കുന്നു. സംസ്ഥാനത്തെ ഒഡിഒപി (വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട്) പദ്ധതി പ്രകാരം ഫത്തേഗഡ് ജയിലിലാണ് പരിശീലനത്തിന് തുടക്കം കുറിച്ചത്.
ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിത പ്രതിഫലവും വില്ക്കുമ്പോള് വിലയുടെ പത്ത് ശതമാനവും തടവുകാര്‍ക്ക് നല്‍കും. പദ്ധതിപ്രകാരം ജയിലിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വസ്ത്രങ്ങളില്‍ ബ്ലോക്ക് പ്രിന്റിങ് പരിശീലനവും നല്‍കുന്നുണ്ടെന്ന് ജയില്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ് റിഫോം ഡിജി ആനന്ദ് കുമാര്‍ പറഞ്ഞു. ജയ് ശ്രീരാം, ഓം നമഃശിവായ, രാധേ.. രധേ എന്നിവ പ്രിന്റ്ചെയ്ത ഷാളുകളും തോര്‍ത്തുകളുമാണ് തുടക്കത്തില്‍ നിര്‍മിക്കുന്നത്. ഇവ അയോധ്യ, വാരണാസി, മധുര, ചിത്രകൂട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തും.
12 വനിതാ തടവുകാര്‍ക്ക് ഐടിഐയും 1050 പുരുഷ തടവുകാരില്‍ 35 പേര്‍ക്ക് ഗൗതംബുദ്ധ ഡെവലപ്മെന്റ് സൊസൈറ്റി ഇന്‍സ്റ്റിറ്റിയൂട്ടുമാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായാല്‍ രണ്ടാം ഘട്ടത്തില്‍ മറ്റ് തടവുകാര്‍ക്കും പരിശീലനം നല്‍കും. കൂടാതെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍മേള വഴി ഐടിഐ ജോലിയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: