തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ പാതാവികസനത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടായെന്ന് എംപി എന്‍.കെ. പ്രേമചന്ദ്രന്. ഇതില്‍ കേരളത്തിലും അനുകൂലമായ ഗുണമുണ്ടായതായും പ്രേമചന്ദ്രന് പറഞ്ഞു.
“മലബാറിലും തെക്കന്‍ കേരളത്തിലും നിരവധി ദേശീയപാതകള്‍ ഇതുവഴി വികസിക്കപ്പെടാന് പോകുന്നു. ഏകദേശം അരലക്ഷം കോടി രൂപയുടെ വികസനമാണ് ദേശീയപാതാരംഗത്ത് കേരളത്തില്‍ നടക്കാന്‍ പോകുന്നത്.”- പ്രേമചന്ദ്രന് പറഞ്ഞു.
റോഡ് ഗതാഗതത്തിന്റെയും വാഹനവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി നിതിന്‍ ഗാഡ്കരി വന്നതിന് ശേഷം റോഡ് ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റുമുണ്ടായെന്നും രാഷ്ട്രീയത്തിന് അതീതമായി അത് അംഗീകരിച്ചേ മതിയാവൂ എന്നും എന്‍.കെ. പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്.
പാര്‍ലമെന്റ് സഭയില്‍ ഞങ്ങളെല്ലാവരും നിതിന്‍ ഗാഡ്കരിയെ അഭിനന്ദിച്ച് സംസാരിക്കാറുണ്ടെന്നും പ്രേമചന്ദ്രന് പറഞ്ഞു. വളരെ നവീനമായ കാഴ്ചപ്പാടോട് കൂടി അദ്ദേഹം മുന്നോട്ട് വെച്ച സിദ്ധാന്തം ഇതാണ്. നിങ്ങള്‍ (സംസ്ഥാനം) ഭൂമി ഏറ്റെടുത്ത് തന്നാല്‍ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യവികസനത്തിന് നാല് വരിയോ, ആറ് വരിപ്പാതയോ ബൈപ്പാസോ ഏത് നിര്‍മ്മിക്കുന്നതിനും പണം തരാന്‍ തയ്യാറാണ്. ഇങ്ങിനെയൊരു വലിയ വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇത് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ദേശീയ പാത വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. – പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: