ന്യൂദല്‍ഹി: കിഴക്കന്‍ തവാങ്ങിലെ ചൈനീസ് പ്രകോപനത്തിനു കാരണം, അരുണാചല്‍ പ്രദേശ് വഴി ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യ നിര്‍മിക്കുന്ന, 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത. അന്താരാഷ്‌ട്ര അതിര്‍ത്തി മക്‌മോഹന്‍ രേഖയ്‌ക്ക് അടുത്തുകൂടി നിര്‍മിക്കുന്ന ഫ്രോണ്ടിയര്‍ ഹൈവേ, ട്രാന്‍സ്-അരുണാചല്‍ ഹൈവേ, ഈസ്റ്റ്-വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ എന്നിവയാണ് ചൈനയെ വിറളി പിടിപ്പിക്കുന്നത്. അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്കു നീളുന്നതാണ് 44,000 കോടിയുടെ ദേശീയ പാത. തവാങ് വഴി മ്യാന്മര്‍ അതിര്‍ത്തിയിലെ വിജയനഗര്‍ വരെ നീളുന്ന ദേശീയ പാതയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗ സൈനിക നീക്കത്തിനു സാധിക്കും. ദേശീയ പാതകള്‍ക്കു സമീപം ഹെലിപ്പാഡുകളും മറ്റും പണിയുന്നതും ചൈനയെ ആശങ്കയിലാക്കുന്നു.
13,700 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടപ്പാത സേലാ ടണല്‍ അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതോടെ വര്‍ഷം മുഴുവനും തവാങ്ങുമായും പടിഞ്ഞാറന്‍ കമേങ്ങുമായും റോഡ് വഴി ബന്ധം നിലനിര്‍ത്താം. അരുണാചല്‍ പ്രദേശിനെ മാത്രമല്ല, ചൈനയുടെ കൈവശമുള്ള കിഴക്കന്‍ തിബറ്റിനെ ആകെയും വ്യോമസേനയ്‌ക്കു നിയന്ത്രിക്കാന്‍ ഉയര്‍ന്ന പ്രദേശമായ തവാങ്ങിലെ മേല്‍ക്കോയ്മ വഴി ഇന്ത്യയ്‌ക്ക് സാധിക്കും. കഴിഞ്ഞ ദിവസം നടന്ന ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാനായതും തവാങ് പര്‍വത മേഖലകളിലെ ഇന്ത്യന്‍ സൈനിക ആധിപത്യം മൂലമാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ പണിത ദേശീയ പാതകളുടെ ദൈര്‍ഘ്യം 3000 കിലോമീറ്ററോളമാണ്. ഇതിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1.6 ലക്ഷം കോടി രൂപയുടെ പുതിയ ദേശീയ പാതാ പദ്ധതികള്‍ കേന്ദ്രം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ 44,000 കോടി രൂപയും ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുണാചല്‍ പ്രദേശില്‍ ദേശീയ പാ
ത നിര്‍മിക്കുന്നതിനു മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം 2089 കി.മീ. റോഡാണ് ചൈനീസ് അതിര്‍ത്തി എല്‍എസിക്കു സമീപം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പണിതത്. അതിര്‍ത്തിയിലേക്കുള്ള പാലങ്ങളെല്ലാം ഭാരവണ്ടികള്‍ക്കു സഞ്ചരിക്കാന്‍ പാകത്തില്‍ പുതുക്കിപ്പണിതു. ചൈനയുമായി അരുണാചല്‍ പ്രദേശ് അതിര്‍ത്തി പങ്കിടുന്ന 1126 കി.മി. പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന് അതിവേഗത്തില്‍ എത്താനാകും വിധമാണ് ദേശീയ പാതാ നിര്‍മാണം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: