ഭോപാല്‍: അധ്യാപകനായി മുഖ്യമന്ത്രി. വിദ്യാര്‍ഥികളായി വനവാസികള്‍. ചരിത്രത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമാണ് ക്ലാസ്. ഒന്നരമാസമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് അധ്യാപകന്റെ വേഷത്തിലാണ്. പ്രസംഗങ്ങളില്ല, വനവാസികളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘പെസ’ നിയമത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
‘ആവോ ബനായേ മധ്യപ്രദേശ്’ എന്ന പേരില്‍ ഭോപാലിലെ വിദ്യാലയങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയ്ക്കിടയിലാണ് നേരത്തെ അദ്ദേഹം അധ്യാപകനായത്. യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്.
വെള്ളം, വനം, ഭൂമി എന്നിവയ്ക്ക് മേല്‍ വനവാസി സമൂഹത്തിന് അവകാശം നല്‍കുന്നതാണ് പിഇഎസ്എ എന്ന നിയമം. രാഷ്ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 15ന് സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് 89 ആദിവാസി വികസന ബ്ലോക്കുകളില്‍ നിയമം നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതല്‍ ഓരോ ഊരിലും നേരിട്ടുപോയി അവര്‍ക്കായി നിയമപാഠശാലകള്‍ വഴി പെസയെപ്പറ്റി ക്ലാസ് നയിക്കുകയാണ് മുഖ്യമന്ത്രി.
വനവാസികളോട് നേരിട്ട് സംവദിച്ചും അവരോടൊപ്പം ആഹാരം കഴിച്ചും ഊരുജീവിതം അനുഭവിച്ചുമുള്ള ശിവരാജ് സിങ് ചൗഹാന്റെ യാത്ര ഇതിനകം വലിയ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ഊരുകളിലും ഗ്രാമസഭകളിലും ഗ്രാമമുഖ്യന്മാരെ വിളിച്ചുചേര്‍ത്താണ് പാഠശാലകള്‍ക്കുള്ള സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കിയത്. പരിശീലന പരിപാടി വ്യാപകമാക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സംഘടനകളുടെ സഹകരണവും സര്‍ക്കാര്‍ ഇതിനായി തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: