കൊട്ടിയം: അങ്കണവാടികളില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തില്‍ തിങ്കളാഴ്ച നടന്ന അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് നെടുമ്പന പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷാവസ്ഥ സംജാതമായി.
പോലീസ് അറസ്റ്റ് നടക്കുന്നതിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞു വീണു. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സമിതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി, മഹിളാ അസോസിയേഷന് പ്രതിനിധി ഉള്‍പ്പടെയുള്ള അഞ്ച് പേരെ ഉള്‍പ്പെടുത്തി ഇന്‍ന്റര്‍വ്യൂ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ പത്തരയോടെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായെത്തി ഇന്റര്‍വ്യൂ തടഞ്ഞത്.
അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാക്കിയ ലിസ്റ്റിലുള്ള അഞ്ചുപേരും ഇടതുപക്ഷക്കാരാണെന്നായിരുന്നു ആരോപണം. പ്രതിഷേധം നടക്കുന്നതിനിടെ സിപിഎമ്മുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചു. സ്ഥലത്തുണ്ടായിരുന്ന കണ്ണനല്ലൂര്‍ എസ്എച്ച്ഒ ജയകുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പിന്മാറിയില്ല. ഇതോടെയാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റിനിടയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശോഭനകുമാരി കുഴഞ്ഞ് വീഴുകയും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി നേതാക്കളെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ നടത്തുന്നത് ഇഷ്ടക്കാരെ പിന്‍വാതില്‍ വഴി നിയമിക്കാനാണെന്നും, സിപിഎം, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തി ഇഷ്ടക്കാര്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്‍കാമെന്ന എല്‍ഡിഎഫ് നയത്തിനെതിരെ സമരം ശക്തമാക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: