ആലപ്പുഴ : പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച കേസില്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവാണെന്ന് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മരിച്ച അപര്‍ണ്ണയുടെ കുടുംബം തള്ളി. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്നും ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മണിക്കുറുകള്‍ക്കുള്ളില്‍ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: