ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധം തുറന്നുകാട്ടുന്ന പുസ്തകവുമായി റിട്ട. മേജര്‍ ജനറല്‍ ജി.ഡി. ബക്ഷി. റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ ഉള്ളകള്‍ തുറക്കുന്നതോടൊപ്പം ചരിത്രത്തിന്റെ ഉള്ളറകളും തുറന്നുവെയ്ക്കുന്ന ഒരു സമ്പൂര്‍ണ്ണ പ്രൊഫഷണല്‍ സൈനിക പുസ്തകമാണ് ‘ദ റഷ്യ ഉക്രൈന് വാര്:ലെസ്സന്‍സ് ലേണ്‍ഡ്’ (The Russia Ukraine War: Lessons learnt).
റഷ്യ-ഉക്രൈന് യുദ്ധത്തില്‍ പ്രയോഗിച്ച 70 ശതമാനം ആയുധങ്ങളും ഇന്ത്യയുടെ കൈവശമുണ്ടെന്ന് ജി.ഡി. ബക്ഷി പുസ്തക പ്രകാശനവേളയില്‍ പറഞ്ഞു. യുദ്ധത്തെക്കുറിച്ച്, ലോകരാഷ്ട്രങ്ങളുടെ ബലതന്ത്രങ്ങളെക്കുറിച്ച് , രാഷ്ട്ര തന്ത്രജ്ഞതയെക്കുറിച്ച്, ഭൗമരാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് അറിയേണ്ടവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ലോകത്ത് കഴിഞ്ഞ 100 വര്‍ഷത്തില്‍ നടന്നത് ശക്തരും ദുര്‍ബലരും തമ്മിലുള്ള യുദ്ധം
ലോകത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടന്ന യുദ്ധങ്ങളെല്ലാം തീവ്രത കുറഞ്ഞവയും അതിശക്തര്‍ ദുര്‍ബ്ബലരുമായി നടത്തിയ ഏറ്റമുട്ടലുകളും ആയിരുന്നെന്ന് ബക്ഷി പുസ്തകത്തില്‍ പറയുന്നു. ഉദാഹരണത്തിന് അമേരിക്ക ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്, ലിബിയ എന്നീ രാജ്യങ്ങളെ ആക്രമിച്ചത് ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോള്‍ റഷ്യ ഉക്രൈനെ ആക്രമിച്ചതും തുല്ല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നില്ല. എന്നാല്‍ ഇവിടെ ഒരു വ്യത്യാസമുണ്ട്. റഷ്യ-ഉക്രൈന് യുദ്ധത്തെ അതിഭീകരമാക്കിയത് വന്‍ശക്തികള്‍ ഉക്രൈന് പിന്നില്‍ മറഞ്ഞിരുന്ന് പോരാടുന്നതിനാലാണ്. യുഎസും നാറ്റോരാജ്യങ്ങലും റഷ്യയെ ആക്രമിക്കുന്നതിന് സഹായിക്കുന്നതിനാലാണ് ഈ യുദ്ധം ബീഭത്സമായ ഒന്നായി മാറിയത്.
യുഎസിന്റെയും നേറ്റോ രാജ്യങ്ങളുടെയും 75 സൈനിക ഉപഗ്രഹങ്ങളും 250ഓളം സാധാരണ ഉപഗ്രങ്ങളും റഷ്യ-ഉക്രൈന് യുദ്ധം നടക്കുന്ന ഓരോ മേഖലകളെയും അരിച്ചുപെറുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യുദ്ധമുഖത്തെ സുതാര്യത മുമ്പെങ്ങുമില്ലാത്ത വിധം കൂടുതലാണ്. – ബക്ഷി പറഞ്ഞു. പ്രമുഖരായ ചില യുഎസ് ഭൗരരാഷ്ട്രീയ വിദ്ഗധരുടെ വിശകലനങ്ങലും ഈ പുസ്തകത്തിലുണ്ട്.
റഷ്യ-ഉക്രൈന് യുദ്ധം പ്രവചിക്കുന്നതില്‍ സിഐഎയ്ക്കും എഫ്ബിഐയ്ക്കും തെറ്റ് പറ്റി
റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ കാലയളവ് പ്രവചിച്ചതില്‍ ഇന്ത്യയ്ക്ക് മാത്രമല്ല, അമേരിക്കന്‍ അന്വേഷണഏജന്‍സിയായ എഫ് ബിഐയ്ക്കും സിഐഎയ്ക്കും പെന്റഗണിനും വരെ തെറ്റ് പറ്റിയിരുന്നു. റഷ്യ ഉക്രൈന് യുദ്ധം രണ്ടാഴ്ചകൊണ്ട് അല്ലെങ്കില്‍ 10 ദിവസം കൊണ്ട് അവസാനിക്കുമെന്നായിരുന്നു ഇന്ത്യ കരുതിയത്. അമേരിക്കന്‍ രഹസ്യ ഏജന്‍സികള്‍ പ്രവചിച്ചത് യുദ്ധം ഒരാഴ്ച മാത്രമേ നീണ്ടു നില്ക്കുകയുള്ളൂ എന്നായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റി.
ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ഒട്ടേറെ രഹസ്യാന്വേഷണ മേഖലയില്‍ പരാജയങ്ങള്‍ സംഭവിച്ചു. റഷ്യ ഏതാനും ഇന്റലിജന്‍സ് ദുരന്തങ്ങള്‍ വരുത്തിവെച്ചു. – ബക്ഷി പറയുന്നു.
യുദ്ധത്തിന് പിന്നില്‍ അമേരിക്കയുടെ പ്രകോപനമുണ്ടായിരുന്നെന്നും ബക്ഷി പറയുന്നു. “ഒരാള്‍ പ്രതികരിക്കുന്നതുവരെ അയാളുടെ കണ്ണില്‍ കുത്തിയാല്‍ എങ്ങിനെയിരിക്കും? അതാണ് അമേരിക്ക റഷ്യയ്ക്കെതിരെ ചെയ്തത്. റഷ്യ ആക്രമിച്ചില്ലെങ്കില്‍ ഉക്രൈന് ഡൊണെട്സ്ക്, ലുഹാന്‍സ്ക് മേഖലയില്‍ ആക്രമണം അഴിച്ചുവിടുമായിരുന്നു. നമ്മള് ആക്രമിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് അങ്ങോട്ട് ആക്രമിക്കുന്നതാണ് നല്ലതെന്ന് റഷ്യ കരുതി.” – ബക്ഷി വിശദീകരിക്കുന്നു.
സദ്ദാമിനെ ചതിച്ചു
ഗള്‍ഫ് യുദ്ധത്തിന്റെ ആവര്‍ത്തനമാണ് റഷ്യ-ഉക്രൈന് യുദ്ധത്തിലും സംഭവിച്ചത്. യുദ്ധത്തിന് മുന്‍പ് സദ്ദാം ഹുസൈന് ഇറാഖിലെ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി കുവൈത്തിനെ ആക്രമിക്കുന്നതില്‍ .യുഎസിന് എന്തെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചു. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ലെന്നാണ് യുഎസ് അംബാസഡര്‍ പറഞ്ഞത്. ഉടനെ സദ്ദാം ആക്രമണം തുടങ്ങി. അതോടെ ജോര്‍ജ്ജ് ബുഷ് ചാടി വീണു പറഞ്ഞു ഇത് കയ്യേറ്റമാണ്. അനുവദിക്കില്ല എന്ന്. അതുതന്നെയാണ് റഷ്യ-ഉക്രൈന് യുദ്ധത്തിലും സംഭവിച്ചത്. – ബക്ഷി പഴയ ഇറാഖ്-അമേരിക്ക യുദ്ധത്തെക്കുറിച്ച് വിശദീകരിച്ചു.
സോവിയറ്റ് യൂണിയനെ വീഴ്ത്തിയത് പോലെ റഷ്യയെയും വീഴ്ത്താന്‍ പദ്ധതി
“സോവിയറ്റ് യൂണിയനോട് എന്ത് ചെയ്യണമെന്ന് അമേരിക്ക ആഗ്രഹിച്ചുവോ അതാണ് ഇപ്പോള്‍ റഷ്യയോട് ചെയ്യുന്നത്. 1991ല്‍ ഒരു വെടി പോലും പൊട്ടിക്കാതെ സോവിയറ്റ് യൂണിയന് തകര്‍ന്നുവീണു. 10,000 ആണവ പോര്‍മുനകളുള്ള സോവിയറ്റ് യൂണിയന് ഒരു തവണപോലും നിറയൊഴിക്കാതെ തകര്‍ന്നുവീണു. സോവിയറ്റ് യൂണിയന്റെ പ്രധാന വരുമാനമാര്‍ഗ്ഗം എണ്ണയായിരുന്നു. 1986ല്‍ സൗദി അറേബ്യയോട് വിലകുറച്ച് ലോകമെമ്പാടും എണ്ണ നല്കാന് അമേരിക്ക ആവശ്യപ്പെട്ടു. ആറ് മാസങ്ങള്‍ക്കുള്ളില്‍ എണ്ണവില ബാരലിന് 30 ഡോളറില്‍ നിന്നും 10 ഡോളറിലേക്ക് കൂപ്പുകുത്തി. അതാണ് അന്ന് സോവിയറ്റ് യൂണിയന്റെ സമ്പദ്ഘടനയെ തകര്‍ത്തത്. അതുപോലെ ഇപ്പോള്‍ റഷ്യയെയും തകര്‍ക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു. അതാണ് എണ്ണ ഉപരോധത്തിലൂടെ നടക്കുന്നത്. ചരിത്രം ആവര്‍ത്തിക്കുകയാണ്. “- ബക്ഷി പുതിയ യുദ്ധത്തിന് പിന്നിലെ അമേരിക്കയുടെ തന്ത്രം വിലയിരുത്തുന്നു.
ലോകത്ത് ഭാവിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്നും ബക്ഷി പ്രവചിക്കുന്നു. ഈ വരുന്ന മഞ്ഞുകാലം ഉക്രൈനെയും യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, യുകെ, ഫ്രാന്‍സ് എന്നിവയെ സംബന്ധിച്ചും ഭീകരമായ ഒന്നാണ്. എല്ലാവരും ആഗ്രഹിക്കുന്നത് ഈ യുദ്ധം അവസാനിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: