ദോഹ: ഇതായിരുന്നു കാനറികളുടെ ആ സാംബനൃത്തച്ചുവട്. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുഴുവന്‍ സൗന്ദര്യവും മൈതാനത്ത് പുറത്തെടുത്ത ബ്രസീല്‍ ദക്ഷിണ കൊറിയയെ മുക്കി ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍. ജയം ഒന്നിനെതിരെ നാല് ഗോളിന്.
ആദ്യപകുതിയില്‍ നാല് ഗോളടിച്ച് വിജയമുറപ്പിച്ച ബ്രസീല്‍, രണ്ടാമത്തേതില്‍ ഗോളടിക്കാന്‍ ശ്രമിച്ചില്ല. ഏഴാം മിനിറ്റില്‍ വിനീഷ്യസ്, 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍, 29-ാം മിനിറ്റില്‍ റിച്ചാലിസണ്, 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ പയ്ക് സ്യൂങ് ഹോ നേടി. വിജയശേഷം ബ്രസീല്‍ താരങ്ങള്‍ പെലെ എന്ന ബാനര്‍ പിടിച്ച് ഇതിഹാസതാരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
ദുര്‍ബലരായ ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍. എന്നാല്‍ ബ്രസീലിന്റെ സാംബാ നൃത്തച്ചുവടിന് മുന്നില്‍ കൊറിയ അടിപതറി. കാമറൂണിനെതിരായ മത്സരത്തില്‍ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീല്‍ പരിശീലകന് ടിറ്റെ ടീമിനെ അടിമുടി അഴിച്ചുപണിതാണ് പ്രീ ക്വാര്‍ട്ടറില്‍ ഇറക്കിയത്. കാമറൂണിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്നവരില്‍ സ്ഥാനം നിലനിര്‍ത്തിയത് ഏദര്‍ മിലിറ്റാവോ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ടീമില്‍ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങള്‍ വരുത്തി.
സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ കണങ്കാലിനു പരിക്കേറ്റ നെയ്മാര്‍ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചില്ല. ഇന്നലെ ആദ്യ ഇലവനില്‍ തന്നെ നെയ്മറെ ടിറ്റെ ഇറക്കി. ആ നെയ്മര്‍ ഇഫക്ട് ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയിലും കണ്ടു. ദക്ഷിണ കൊറിയക്കെതിരെ 123-ാം മത്സരം കളിച്ച നെയ്മര്‍ തന്റെ 76-ാം രാജ്യാന്തര ഗോളും സ്വന്തമാക്കി. ഇതിഹാസ താരം പെലെയുടെ റിക്കാര്‍ഡിന് ഒപ്പമെത്താന്‍ നെയ്മറിനു വേണ്ടത് ഒരേയൊരു ഗോള്‍ മാത്രം. 77 ഗോളുകളാണ് പെലെ ബ്രസീല്‍ ജഴ്സിയില്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തില്‍. നാലു ഗോളടിച്ച് ആദ്യപകുതിയില്‍ മുന്നില്‍ക്കയറിയതോടെ, ബ്രസീല്‍ പരിശീലകന് ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നില്‍ അലിസണ്, നെയ്മര്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: