തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം തള്ളിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. അതേസമയം സ്കൂളുകളില്‍ വമ്പന്മാരെ നിലംപരിശാക്കി മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ചാമ്പ്യന്മാരായി. മുന്‍കാല മേളയിലെ കോതമംഗലം മാര്‍ ബേസിലും തകര്‍ന്നടിയുകയായിരുന്നു.
മലപ്പുറം ജില്ലയുടെ മുന്നേറ്റവും എറണാകുളത്തിന് ഏറ്റ തിരിച്ചടിയുമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റോടെയാണ് മലപ്പുറം രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്. ആദ്യമായാണ് മലപ്പുറം ആദ്യസ്ഥാനത്തേക്ക് എത്തുന്നത്. എട്ട് സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 122 പോയിന്റോടെ കോഴിക്കോട് കഴിഞ്ഞ മേളയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. വര്‍ഷങ്ങളായി ചാമ്പ്യന്മാരിയാരുന്ന എറണാകുളത്തിന് 11 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി 81 പോയിന്റോടെ അഞ്ചാംസ്ഥാനമേ നേടാനായുള്ളൂ.
സ്കൂളുകളുടെ നില പരിശോധിച്ചാല്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ് സ്കൂളിന്റെ മുന്നേറ്റത്തില്‍ മുന്‍കാല വമ്പന്മാര് തകര്‍ന്നടിഞ്ഞു. കടുത്ത പ്രതിരോധമുയര്‍ത്തി ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 66 പോയന്റോടെയാണ് ഐഡിയല്‍ നേടിയത്. ഏഴ് സ്വര്‍ണം ആറ് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 54 പോയന്റുമായി പാലക്കാട് കല്ലടി എച്ച്എസ്എസ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കിലവുമായി 42 പോയിന്റോടെ കോഴിക്കോട് സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാമ്പാറ മൂന്നാം സ്ഥാനവും നേടി.
വര്‍ഷങ്ങളായി മികച്ച സ്കൂള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയിരുന്ന കോതമംഗലം മാര്‍ബേസില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. നാലുസ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 32 പോയിന്റ് മാത്രമാണ് നേടാനായത്. പാലക്കാട് ജില്ലാ ചാമ്പ്യന്മാരായി എത്തിയ പറളി എച്ച്എസ്എസ് 41 പോയിന്റുമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ശിവപ്രിയ, നിരഞ്ജന്, ഇന്ദ്രന്, അര്‍ഷാദ്, നിവേദ്യ, ബിജോയി, ജ്യോതിക
തിരുവനന്തപുരം: സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ കല്ലടി എച്ച്.എസ് കുമരംപുത്തൂരിലെ അര്‍ഷാദ് അലി, പെണ്‍കുട്ടികളില്‍ കൊടുവായൂര്‍ ജി.എച്ച്.എസ്.എസിലെ നിവേദ്യ കലാധര്‍ എന്നിവര്‍ വ്യക്തിഗത ചാംപ്യന്മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയിയും പെണ്‍കുട്ടികളില്‍ പറളി എച്ച്എസിലെ എം. ജ്യോതികയും മികച്ച താരങ്ങളായി.
സീനിയര്‍ ആണ്‍കുട്ടികളില്‍ പറളി എച്ച്.എസിലെ എം. നിരഞ്ജനും കാഞ്ഞിരംകുളം പി.കെ.എം.എച്ച്.എസ്.എസിലെ ഇന്ദ്രനാഥനും 10 പോയിന്റുകള്‍ വീതം നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം പങ്കിട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ഇ.എസ് ശിവപ്രിയയാണ് വ്യക്തിഗച ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: