തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേങ്ങള്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് നിയമസഭയില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ലത്തീന്‍ സഭയുടെ നേതൃത്വത്തിലുള്ള സമര സമിതിയുമായി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സമയവായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഇതിന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വിഷയത്തില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ചയാകാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ.രാജന്, വി.ശിവന്‍കുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു.
എന്നാല്‍ കൃത്യമായ ഉറപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. ഇന്ന് വൈകിട്ട് മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടത്താനാണ് നിലവിലെ തീരുമാനം. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങള്‍ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: