ലുസൈലില്‍ കഴിഞ്ഞ രാത്രി. ബ്രസീലുമായുള്ള കാമറൂണിന്റെ മത്സരം. തൊണ്ണൂറ്റി മൂന്നാം മിനിട്ട്. റഫറി ഇസ്മയില്‍ ഇല്‍ഫത്ത് നിറഞ്ഞ ചിരിയുമായി ഓടിയടുക്കുന്നു. അഭിമാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍ ഒഴുകിയിറങ്ങിയ ശരീരവുമായി വിന്‍സന്റ് അബുബക്കര്‍. കാമറൂണ്‍ പെരുമയുടെ കുപ്പായം അവന്റെ ഇടം കൈയിലുണ്ടായിരുന്നു ‘ഇതാ ഞാന്‍, ഇതാ കാമറൂണ്‍ എന്ന് നെഞ്ചത്തടിച്ചും അലറിയും കണ്ണീര്ക്കണ്ണില് ചിരി നിറച്ചും അബുബക്കര്‍ പ്രഖ്യാപിച്ചു… ഇസ്മയില്‍ ഇല്‍ഫത്ത് ആ ആവേശത്തിന്റെ കൊടിയിറക്കത്തിന് അല്പം കാത്തു, പിന്നെ കൈ പിടിച്ചു. തോളില്‍ തട്ടി… വിയര്‍ത്തൊഴുകിയ ആ മുഖത്ത് തൊട്ട് എല്ലാ ആദരവും അറിയിച്ചു. പിന്നാലെ ഇടം കൈയില്‍ മഞ്ഞക്കാര്‍ഡുയര്‍ത്തി, പിറകെ ചുവപ്പ് കാര്‍ഡും… കൈ ഉയര്‍ത്തി ബൈ പറഞ്ഞ് അബുബക്കര്‍ കളത്തിന് പുറത്തേക്ക് നടന്നു. കാലം കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്ന കാലം വരെയും താനിവിടെയുണ്ടാകുമെന്ന പ്രഖ്യാപനവുമായി… റോജര്‍ മില്ല മാത്രമല്ല കാമറൂണെന്ന ഓര്‍മ്മപ്പെടുത്തലുമായി അബുബക്കര്‍ ലുസൈലിലെ അവസാന നിമിഷങ്ങളില്‍ തല ഉയര്‍ത്തുന്നു…
പന്ത്രണ്ടാണ്ടിന്റെ പക തീര്‍ക്കുമെന്ന് വാശി കെട്ടിയിറങ്ങിയ ഘാനയുടെ വമ്പും കൊമ്പുമൊടിച്ച മുന്നേറ്റത്തിനൊടുവിലാല് ഉറുഗ്വെ തളര്‍ന്നു വീണു. ഘാന തോറ്റിടത്ത് വിധി ജയിക്കുന്നു. പന്ത്രണ്ടാണ്ട് മുമ്പ് ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റിയില്‍ ഘാനയുടെ സെമി മോഹങ്ങള്‍ കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത് ലൂയി സുവാരസ് ആണ്. എല്ലാ കളിച്ചട്ടങ്ങളെയും കാറ്റില്‍ പറത്തി സുവാരസ് ഘാനയ്ക്കും വിജയത്തിനുമിടയില്‍ നിന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ആദ്യ സെമി മോഹമാണ് സുവാരസ് തുലച്ചത്. തെമ്മാടിയെന്ന് കളിയെഴുത്തുകാരും ചെകുത്താനെന്ന് ആഫ്രിക്കന്‍ ആരാധകരും സുവാരസിനെ പഴിച്ചു. ചുവപ്പ് കാര്‍ഡില്‍ പുറത്തുപോയ സുവാരസ് ഘാനയുടെ നായകന് അസമോവ ഗ്യാന്‍ പെനാല്‍ട്ടി പാഴാക്കുന്നത് കണ്ടു ചിരിച്ചു. കഴിഞ്ഞ രാത്രി കളിയില്‍ തോറ്റിട്ടും ഘാന ചിരിച്ചു, കളത്തിന് പുറത്ത് സുവാരസ് കണ്ണീരണിഞ്ഞു. പ്രതികാരത്തിന്റെ വഴി പലതാണ്.
നവംബര്‍ 29. സെനഗല്‍ ഇതിഹാസം പാപ ബൂബ ദിയോപിന്റെ ചരമദിനം. 2002 ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ നാണക്കേടിന്റെ കയത്തിലേക്ക് മുക്കിക്കളഞ്ഞ ഒറ്റഗോളില്‍ ഇതിഹാസമായ വളര്‍ന്ന പാപ ദിയോപിന്റെ ജേഴ്സി നമ്പര്‍ 19. ഇക്കുറി 29ന് ഇക്വഡോറിനെതിരെ കളത്തിലിറങ്ങുമ്പോള്‍ സെനഗല്‍ നായകന് കാലിദോ കൗലിബാലി തന്റെ ആം ബാന്‍ഡില്‍ 19 എന്ന് എഴുതിയിരുന്നു. 2002ല്‍ പാപദിയോപിന്റെ ടീമിനെ നയിച്ച അലിയു സിസെ ഇപ്പോള്‍ കോച്ചാണ്. 2019ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനല്‍ വരെ സെനഗലിനെ നയിച്ച പരിശീലകന്. 2020 നവംബര്‍ 29ന് 41-ാം വയസ്സില്‍ അസ്തമിച്ചതാണ് ദിയോപിന്റെ ജീവിതം. ഇമ്മാനുവല്‍ പെറ്റിറ്റും വിയേരയും കാത്ത പ്രതിരോധം പിളര്‍ന്നാണ് ഫാബിയന്‍ ബാര്‍ത്തേസിനെ കീഴടക്കി പാപ വല കുലുക്കിയത്. ഫ്രാന്‍സ് ആ ഗോളിന്റെ ഷോക്കില്‍ നിന്ന് പിന്നെ ഉണര്‍ന്നില്ല. പാപയുടെ ഓര്‍മ്മയില്‍ കൗലിബാലി കളത്തില്‍ നിന്നു. സെനഗലിന് ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്ന കരുതലുമായി സിസെ കളത്തിന് പുറത്തും.
ലുസൈലില്‍ ഉറുഗ്വെയെ വീഴ്ത്തിയ ഇരട്ടഗോളിന്റെ ഉടമ ബ്രൂണോ ഫെര്‍ണാണ്ടോയുടെ ആഘോഷമായിരുന്നു മറ്റൊരു കാഴ്ച. ഇരു കൈകളും കൊണ്ട് ചെവി പൊത്തിപ്പിടിച്ച് അവന് ആകാശത്തേക്ക് മിഴികള്‍ പായിച്ചു. ഫെര്‍ണാണ്ടസിന്റെ ഉള്ളറിഞ്ഞ കൂട്ടുകാര്‍ അവന് ചുറ്റും നിന്നു. കരിയറിലെ ഓരോ ഗോളും അവന് ആഘോഷിച്ചതങ്ങനെയാണ്. അച്ഛന്റെ നേട്ടങ്ങളില്‍ ലോകമുയര്‍ത്തുന്ന ആരവങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത മകള്‍ മാറ്റില്ഡയ്ക്ക് വേണ്ടി ഓരോ ഗോളും ഫെര്‍ണാണ്ടസ് മാറ്റിവച്ചു. പോര്‍ട്ടോയിലെ വീട്ടിലിരുന്ന് നിറകണ്‍ചിരിയോടെ മാറ്റില്‍ഡ ഈ ഗോളാനന്ദം നുകരുന്നതിന്റെ മോഹന ചിത്രങ്ങളിലാണ് ഫെര്‍ണാണ്ടസ് എന്നും കരുത്ത് നേടിയത്.
നിലപാടുകള്‍ പിന്നെയും പിറന്നു. തോറ്റിട്ടും ഇറാന് ശ്രദ്ധിക്കപ്പെട്ടത് ഇസ്ലാമികമതഭരണകൂടം സ്വന്തം നാട്ടില്‍ സ്ത്രീകളോടുകാട്ടുന്ന ഭീകരതയ്ക്കെതിരെ മൗനം കൊണ്ട് പ്രതികരിച്ചുകൊണ്ടായിരുന്നു. അവര്‍ ദേശീയഗാനം പാടിയില്ല. ഗാലറിയില്‍ മഹ്സ അമിനിയുടെ ചിത്രങ്ങള്‍ നിറഞ്ഞു. വണ്‍ ലൗ ആം ബാന്‍ഡ് നിരോധിച്ച ഖത്തറിന്റെ നടപടിക്കെതിരെ വാക്കൈ പൊത്തി പ്രതിഷേധിച്ച ജര്‍മ്മനിയുടെ ചിത്രം, വംശീയതയുടെ പേരില്‍ ജര്‍മ്മന്‍ ടീമില്‍നിന്ന് അധിക്ഷേപിച്ച് പുറത്താക്കപ്പെട്ട പ്ലേമേക്കര്‍ മെസ്യൂട്ട് ഓസിലിന്റെ ചിത്രമുയര്‍ത്തി ഗാലറിയിലെ ഖത്തര്‍ ജനത നല്കിയ മറുപടി, ജര്‍മ്മനി-കൊസ്റ്റാറിക്ക മത്സരം നിയന്ത്രിക്കാന്‍ വനിതകളെ നിയോഗിച്ച ഫിഫയുടെ നീക്കം…
ഫുട്ബോള്‍ ഒരു വെറും കളിയല്ലെന്ന ഓര്‍മ്മിപ്പിക്കുകയാണ് ഖത്തര്‍ ലോകകപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: