ഈശോസഭയുടെ മൂല്യങ്ങളിലും ആശയങ്ങളിലും ഉറച്ചുനിന്നുകൊണ്ട് മാനവികമായ മൂല്യങ്ങളുടെ പ്രസക്തിയില്‍ ഉറച്ച് വിശ്വസിച്ച ധന്യജീവിതമായിരുന്നു ഡോ. എ. അടപ്പൂരിന്റെത്. എതിര്‍വാദങ്ങളെ അംഗീകരിക്കാനും അവയിലെ വസ്തുതകളെ ഉള്‍ക്കൊള്ളാനും തയ്യാറായ സംവാദകനായിരുന്നു അദ്ദേഹം. സഭയുടെ പാരമ്പര്യ കാര്‍ക്കശ്യങ്ങളെയും സവര്‍ണ്ണ മനോഭാവത്തേയും എതിര്‍ക്കുമ്പോഴും അതിന്റെ ഉറച്ച വക്താവായി തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഭയുടെ നവീകരണശ്രമങ്ങളെ വിലയിരുത്താനും മതാന്തര സംവാദത്തിന്റെ കാഴ്ചപ്പാടില്‍ മറ്റു ആശയങ്ങളെക്കുളിച്ച് ചര്‍ച്ചചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. അറിവും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് പരിചയപ്പെടുന്ന ആരുമായും സൗഹൃദം നിലനിര്‍ത്താനും ആ പണ്ഡിതന് കഴിഞ്ഞു.
അസതോമ സദ്ഗമയ എന്ന ഉപനിഷത്ത് മന്ത്രം ജോണ്‍പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത് അടപ്പൂരിന്റെ ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടുള്ള അടങ്ങാത്ത ആദരവിന്റെ ഫലമായിരുന്നു. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതില്‍ അടപ്പൂരുമുണ്ടായിരുന്നു. ഭാരതീയ സംസ്കൃതിയോടും അതിന്റെ ധന്യമായ പൈതൃകത്തോടും കത്തോലിക്കസഭ പുലര്‍ത്തേണ്ട സമീപനമെന്തായിരുന്നു എന്നതിനെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായത്. മദര്‍തെരേസയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഏഴകളുടെ തോഴികള്‍ എന്ന അടപ്പൂരച്ചന്റെ പ്രസിദ്ധമായ ലേഖനത്തിലൂടെയായിരുന്നു.
സ്വദേശത്തും വിദേശത്തുമുള്ള കലാലയങ്ങളില്‍ നിന്ന് നേടിയ ഉന്നത ബിരുദങ്ങളും പരന്ന വായനയിലൂടെ നേടിയ അറിവും അടപ്പൂരിന്റെ ചിന്തകള്‍ക്ക് ആഴം നല്‍കിയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനുമായി നടത്തിയ ആശയസംവാദം കേരളത്തിന്റെ വൈചാരികരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതായിരുന്നു. മാന്യമായ സംവാദപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അടപ്പൂരിന് കഴിഞ്ഞു. സഭയുടെ ആധുനികവല്‍ക്കരണത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്. തോമാശ്ലിഹായയുടെ വരവിനെകുറിച്ചുള്ള സഭയുടെ വാദം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ക്രൈസ്തവ കച്ചവടക്കാരുടെ സന്തതിപരമ്പരയാണ് കേരളത്തിലെ ആദിമക്രിസ്ത്യാനികള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിലയ്ക്കല്‍ സമരകാലത്തും അദ്ദേഹത്തിന്റെ സമീപനം വേറിട്ടതായിരുന്നു.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെകുറിച്ച് പ്രവചനാത്മകമായ പഠനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടായി. ജോണ്‍പോള്‍ മാര്‍പ്പാപ്പയുമായി ഗോര്ബച്ചേവിനുണ്ടായിരുന്ന ഗാഢസൗഹൃദത്തെക്കുറിച്ച് അദ്ദേഹം എഴുതി. കമ്മ്യൂണിസം ഭൂമുഖത്ത് നിന്ന് തിരോഭവിക്കേണ്ടതാണെന്നും സായുധവിപ്ലവമോ സൈനിക നടപടിയോ കൂടാതെ സമാധാനപരമായ രീതിയില്‍ ആ മാറ്റം യാഥാര്‍ത്ഥ്യമാക്കിയത് പോപ്പ് ജോണ്‍ പോള്‍ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞ ലോകനേതാവ് ഗോര്‍ബച്ചേവ് ആണെന്നായിരുന്നു അദ്ദേഹം എഴുതിയത്. സുപ്രധാനമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്ന പല അവസരങ്ങളിലും താന്‍ മാര്‍പ്പാപ്പയുമായി ഉപദേശം നേടിയിട്ടുണ്ടെന്ന് ഗോര്‍ബച്ചേവ് ഒരിക്കല്‍ വെളിപ്പെടുത്തിയതിനെ കുറിച്ചും ഫാദര്‍ അടപ്പൂര് എഴുതി. ഇത്തരം വസ്തുതകള്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈകളറുത്ത മുസ്ലിം ഭീകരവാദികളുടെ ക്രൂരതയെ എതിര്‍ക്കാന്‍ അടപ്പൂര് രംഗത്തുവന്നിരുന്നു. എറണാകുളത്ത് ന്യൂമെന്‍ അസോസിയേഷന്റെ പ്രതിമാസ യോഗത്തില്‍ ക്ഷണിച്ചുവരുത്തി പ്രൊഫ. ജോസഫിനെ ആദരിക്കാന്‍ അദ്ദേഹം തയ്യാറായി. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന വചനത്തില്‍ വിശ്വാസം അര്‍പ്പിച്ച മൂല്യാധിഷ്ഠിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: