ശ്രീനഗര്‍: പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച് കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ റസൂല്‍ വാനി. പത്മഭൂഷണ്‍ കൊച്ചു അവാര്‍ഡ് (ഛോട്ടാ അവാര്‍ഡ്) ആണെന്നായിരുന്നു റസൂല്‍ വാനിയുടെ വിവാദ പരാമര്‍ശം.
കൊച്ചുമനുഷ്യര്‍ ഇതുപോലെ കൊച്ചുവര്‍ത്താനം പറയുമെന്നായിരുന്നു ഇതിന് ഗുലാം നബി ആസാദിന്റെ മറുപടി. മുന്‍ കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവാണ്.
ഭാരത് രത്നയ്ക്കും പത്മ വിഭൂഷണും കഴിഞ്ഞാല്‍ ഭാരതത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. “പത്മഭൂഷണ്‍ വളരെ വലിയ ഒരു പുരസ്കാരമാണ്. ആരാണ് ഈ പുരസ്കാരം നല്‍കുന്നതെന്നോ ആരാണ് അവ വാങ്ങുന്നതെന്നോ അറിയാത്തവര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത് അടിസ്ഥാനമില്ലാത്തതാണ്. “- ഗുലാം നബി ആസാദ് പറഞ്ഞു.
പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടിയായ ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടി (ഡിഎപി) രാഷ്ട്രപതിക്ക് കത്തയച്ചു. ഡിഎപിയുടെ നേതാവ് രണ്‍ദീപ് ഭണ്ഡാരിയാണ് കത്തയച്ചത്.
“കിഷ്ത്വാറില്‍ നടന്ന പൊതു റാലിയില്‍ കോണ്‍ഗ്രസ് നേതാവായ റസൂല്‍ വാനി പത്മഭൂഷണ്‍ എന്ന ദേശീയ പുരസ്കാരത്തെ താഴ്ത്തിക്കെട്ടി സംസാരിച്ചത് ഒരു വലിയ അപരാധമാണ്. ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ അവാര്‍ഡിനെ ചോട്ടാ അവാര്‍ഡ് എന്ന് പറഞ്ഞതാണ് ആ പുരസ്കാരത്തോടുള്ള അവഹേളനമാണ്. ഇത് സംബന്ധിച്ച് കേസെടുക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു”- രാഷ്ട്പതിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: