കൊച്ചി: കോളേജ് യൂണിയന് പിടിച്ചെടുക്കാനായി വിദ്യാര്‍ഥിനിയെ എസ്എഫ്ഐക്കാര്‍ തട്ടിക്കൊണ്ടുപോയി. കൊച്ചി പൂത്തോട്ട എസ്.എന്‍. ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും കെഎസ്യു പ്രവര്‍ത്തകയും ക്ലാസ് പ്രതിനിധിയുമായ പ്രവീണയെയാണ് എസ്.എഫ്.ഐ.ക്കാര് തട്ടിക്കൊണ്ടുപോയത്. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ.എസ്.യുവും എസ്.എഫ്.ഐ.യും ഒപ്പത്തിനൊപ്പമായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് യൂണിയന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. യൂണിയന് ഭരണം പിടിക്കാന്‍ വേണ്ടിയാണ് ക്ലാസ് പ്രതിനിധിയായ പ്രവീണയെ എസ്.എഫ്.ഐ.ക്കാര് തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.
ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്കും കെ.എസ്.യുവിനും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. തുടര്‍ന്ന് യൂണിയന് ഭരണം തീരുമാനിക്കാനായി രണ്ടുമണിക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരുന്നതാണ്. ഇതിനിടെയാണ് സുഹൃത്തായ വിദ്യാര്‍ഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകാന്‍ കൂടെവരാമോ എന്നും ചോദിച്ച് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു കാര്‍ അവിടെ എത്തി. ആശുപത്രിയില്‍ പോകാനെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ കാറില്‍ കയറ്റിക്കൊണ്ടു പോയി. സുഹൃത്തിനെ കൂടാതെ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പോകാതെ കാര്‍ പലവഴികളിലൂടെ കറങ്ങി. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം നടക്കാവില്‍ തന്നെയും സുഹൃത്തിനെയും കാറില്‍നിന്ന് ഇറക്കിവിട്ടെന്നും പ്രവീണ പറഞ്ഞു.
പ്രവീണയെ കാണാതായ സംഭവത്തില്‍ സഹപാഠികളുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.തുടര്‍ന്ന് പ്രവീണയെ തട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമായതോടെ ഇതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: