കൊച്ചി : പാര്‍ട്ടി കീഴ്വഴക്കങ്ങളൊന്നും താന്‍ ലംഘിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങളൊന്നും താന്‍ ലംഘിച്ചിട്ടില്ല. സംസ്ഥാനത്തെത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
സ്വകാര്യ പരിപാടികള്‍ പാര്‍ട്ടിയെ അറിയിക്കാറില്ല. പൊതുവേദിയിലോ പാര്‍ട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോള്‍ ഡിസിസിയെ അറിയിക്കാറുണ്ട്. 16 വര്‍ഷമായി താന്‍ ഇത് തുടര്‍ന്നു വരുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകല്‍ച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസ്സമില്ല. ആരോടും അമര്‍ഷമില്ല. അത്തരത്തില്‍ ഒന്ന് തന്റെ വായില്‍ നിന്ന് കേട്ടിട്ടുണ്ടോ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തില്‍ സുഹൃത്ത് ക്ഷണിച്ചിട്ടാണ് പോയത്. പരസ്പരം മിണ്ടാതിരിക്കാന്‍ തങ്ങള്‍ കിന്‍ഡര്‍ ഗാര്ഡന് കുട്ടികളല്ലെന്നും ശശി തരൂര്‍ മറുപടി നല്കി. സംസ്ഥാന കോണ്‍ക്ളേവാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.. ഇതിന്റെ സംഘടകരാണ് ആര് അപ്പോള്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്.
രാഷ്ട്രീയത്തില്‍ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിത്. ചുവപ്പ് നാട് അഴിച്ച് നാടിനെ രക്ഷിക്കാന്‍ സമയമായി. ഇതിന് പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ വന്‍ കടത്തിലാണ്. രാജ്യം നേരിട്ട ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മ ആണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സാഹചര്യമാണിത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നതില്‍ പ്രൊഫഷണലായ സമീപനം ആവശ്യമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണെന്ന് കെ സുധാകരന് പറഞ്ഞു. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് കരുതുന്നുവെന്നും കെ. സുധാകരന് പറഞ്ഞു. തരൂര്‍ ദേശീയ അധ്യക്ഷനായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറാന് കെ സുധാകരന് ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. കോണ്‍ക്ലേവിന്റെ സമാപന സെഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: