കോട്ടയം: കാനനപാതയിലൂടെയുള്ള ശബരിമല യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാനനപാത അടപ്പിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മലയരയ മഹാസഭ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ശബരിമല തീര്‍ഥാടനത്തിന്റെ പവിത്രത നഷ്ടപ്പെടും. കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കല്‍, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട എന്നീ അമ്പലങ്ങളും അഴുതാനദിയുടെ പ്രസക്തിയും നഷ്ടമാകും. കാനനപാതയിലൂടെ ഭക്തര്‍ എത്താതാകുന്നതോടെ ഈ ആരാധനാ കേന്ദ്രങ്ങളൊക്കെ ഇരുളടയും.
മുന്‍ വര്‍ഷങ്ങളില്‍ കൊവിഡ് മൂലം കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വന്യമൃഗശല്യത്തിന്റെ പേരിലാണ്. കോയിക്കക്കാവില്‍ ഉച്ചയ്ക്ക് 12നും മുക്കുഴിയില്‍ ഒരു മണിക്കും പ്രവേശനം തടയുകയാണ്. മുന്‍ കാലങ്ങളില്‍ 24 മണിക്കൂറും ഭക്തര്‍ യാത്രചെയ്തിരുന്ന പാതയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അഴുതക്കടവില്‍ നിന്ന് ഉച്ചയ്ക്ക് 2.30 വരെ എന്നാ ക്കിയതല്ലാതെ മുഴുവന്‍ സമയവും തുറന്നിട്ടില്ല. പരമ്പരാഗത വിശ്വാസം അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും മഹാസഭ പറഞ്ഞു.
കാനനപാതയിലൂടെയുള്ള ഭക്തരുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ 30ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് എരുമേലി കാളകെട്ടിയില്‍ സമരപ്രഖ്യാപനവും അഴുതക്കടവിലേക്ക് മാര്‍ച്ചും നടത്തും. തുടര്‍ന്ന് വിശ്വസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സഭാ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സഭാ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, ട്രഷറര്‍ എം.ബി. രാജന്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.കെ. സജി, സി.എന്‍. മധുസൂദനന്, കെ.ഡി. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: