ദോഹ: അര്‍ജന്റീനയ്ക്കെതിരെ കളിച്ച സൗദിയുടെ നിഴല്‍ മാത്രമായിരുന്നു ശനിയാഴ്ച ഖത്തർ ലോകകപ്പിൽ കണ്ടത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സൗദിയെ തകര്‍ക്കുകയായിരുന്നു പോളണ്ട്. അര്‍ജന്റീനയ്ക്കെതിരായ വിജയം കെങ്കേമമായി ആഘോഷിച്ചതുകൊണ്ട് തന്നെ പോളണ്ടിനെതിരായ തോല്‍വി സൗദിക്കാര്‍ക്ക് അത്രയേറെ ദുഖകരവുമായി.
സിയെലിൻസ്കിയും ലെവൻഡോവ്സ്കിയുമാണ് പോളണ്ടിന്റെ സ്കോറർമാർ. തോല്‍വി സ്വീകരിക്കാന്‍ കഴിയാതെ തകര്‍ന്ന സൗദി ടീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. പുതിയ റോള്‍സ് റോയ്സ് കാറില്‍ സൗദി കളിക്കാര്‍ കയറുന്നു എന്ന ട്രോളില്‍, സൗദി കളിക്കാരന് കയറുന്നതോടെ കാര്‍ കത്തുന്നതായാണ് കാണിച്ചിരിക്കുന്നത്.
ഇതോടെ നേരത്തെ സൗദിയോട് തോറ്റ അര്‍ജന്റീനയ്ക്ക് ശനിയാഴ്ച മെക്സിക്കോയെയും പിന്നീട് പോളണ്ടിനെയും തോല്പിച്ചാല് മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ എന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. പോളിഷ് ഗോളി സെസെനിയുടെ അത്ഭുത പ്രകടനങ്ങളാണ് സൗദിക്ക് ലഭിക്കുമായിരുന്ന പല ഗോളുകളും നിഷേധിച്ചത്.
39ാം മിനിറ്റിലായിരുന്നു സിയെലെൻസ്കിയിലൂടെ പോളണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ലെവൻഡോവ്സ്കിയുടെ പാസ് ഒട്ടും പാഴാക്കാതെ സിയെലെൻസ്കി ഗോളാക്കി മാറ്റുകയായിരുന്നു.
സൗദി ഫുട്ബാള്‍ ആരാധകരുടെ സന്തോഷം മുഴുവന്‍ ചോര്ത്തിക്കളയുന്നതായിരുന്ന 43ാം മിനിറ്റിലെ പാഴായ പെനാല്‍റ്റി. സൗദി അറേബ്യയുടെ അൽദ്വസാറിയാണ് പെനാല്‍റ്റി പാഴാക്കിയത്. പൊട്ടിക്കരയുന്ന സൗദി ആരാധകരെ സ്റ്റേഡിയത്തില്‍ കാണാമായിരുന്നു.
80ാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കി പോളണ്ടിന് വേണ്ടി ക്ലാസിക് ഗോൾ നേടിയത്. സൗദി ഡിഫൻഡറെയും ഗോളിയെയും വെട്ടിച്ച് കടന്നായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോള്‍. ലെവന്‍ഡോവ്സ്കിയുടെ ആദ്യ ലോകകപ്പ് ഗോള്‍ ആയിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: