പരവൂര്‍: അപകടകരമായി വീടിന് മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന അയല്ക്കാരന്റെ തെങ്ങ് മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. മറിയാറായ തെങ്ങ് എപ്പോള്‍ വേണമെങ്കിലും ഓട് മേഞ്ഞ വീടിലേക്ക് മറിയാമെന്ന നിലയിലാണ്. ഇതോടെ അപകട ഭീഷണിയിലാണ് ഒരു കുടുംബം.
ചിറക്കര പഞ്ചായത്തിലെ 13ാം വാര്‍ഡില്‍, നെടുങ്ങോലം താഴത്തില്‍ ഉദയകുമാറും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത് കേടായ ഒരു കൊന്ന തെങ്ങാണ്. ഓടുമേഞ്ഞ വീടിന് മുകളിലേക്ക് സ്ഥിരമായി തേങ്ങയും മടലും വീണ് മേല്‍ക്കൂര തകരുകയാണ്. അയല്‍ക്കാരനായ ഉടമയുമായി സംസാരിച്ചെങ്കിലും മുറിച്ചുമാറ്റാനോ മറ്റുപരിഹാരങ്ങള്ക്കോ ഉടമ തയാറായില്ല. പഞ്ചായത്തില്‍ പരാതിനല്കിയെങ്കിലും നടപടിയായില്ല.
തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവര്‍ക്ക് പരാതി നല്കി. ഇതിനെ തുടര്‍ന്ന് തെങ്ങുമുറിച്ചുമാറ്റാന് പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്കി. എന്നാല്‍ നാളിതുവരെ തെങ്ങ് മുറിച്ചുമാറ്റിയില്ല. കാറ്റിലും മഴയിലും തേങ്ങയടക്കം വീടിനകത്തു വീഴുന്നതുകാരണം കുട്ടികള്‍ക്ക് പഠിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. പഞ്ചായത്ത് അധികാരികള്‍ ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മറ്റു നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നിര്‍ധനരായ ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: