തിരുവനന്തപുരം: കേരളം നിക്ഷേപസൗഹൃദമാകണമെങ്കില് മിന്നല്‍പണിമുടക്കുകളും ഹര്‍ത്താലുകളും ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്. ലുലു ഗ്രൂപ്പും ഹയാത്തും ചേര്‍ന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലഘട്ടത്തിലെ പ്രതിസന്ധിക്കു ശേഷം മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഭാരതം സാമ്പത്തികമായി മുന്നോട്ടു കുതിക്കുകയാണ്. കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വിനോദസഞ്ചാരമേഖലയിലടക്കം ഈ കുതിപ്പുണ്ട്. ഗുജറാത്തില്‍ ഹര്‍ത്താലും മിന്നല്‍പണിമുടക്കുകളും ഒഴിവാക്കിയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് എയര്‍ബസ് പ്ലാന്റടക്കമുള്ള നിക്ഷേപങ്ങള്‍ ഗുജറാത്തിലേക്കെത്തിയത്. ആ സാഹചര്യം കേരളത്തിലുമുണ്ടാകണം. പൊതുമേഖലയില്‍ മാത്രമല്ല, സ്വകാര്യമേഖലയിലും നിക്ഷേപമുണ്ടാകണം. സര്‍ക്കാരുകള്‍ അതിനുവേണ്ട പശ്ചാത്തലസൗകര്യമൊരുക്കണം. ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തണം. അദ്ദേഹം പറഞ്ഞു.
ഒരു വ്യവസായപ്രമുഖന് എന്നതിലുപരി എം.എ. യൂസഫലി രാജ്യത്തിന് പുറത്ത് ഇന്ത്യാക്കാരുടെ സംരക്ഷകന്‍ കൂടിയാണെന്ന് മുരളീധരന് പറഞ്ഞു. നാടിന്റെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന എല്ലാ ഭരണകര്‍ത്താക്കളോടും നല്ല ബന്ധം പുലര്‍ത്തുകയും അവര്‍ക്കുവേണ്ട പിന്തുണ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് യൂസഫലി. യുപിയില്‍ അദ്ദേഹം മാള്‍ തുടങ്ങിയപ്പോള്‍ പലരും വലിയ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ ഇടപെട്ട് മികച്ച രീതിയിലാണ് മാള്‍ മുന്നോട്ടുപോവുന്നത്. ഇന്ത്യക്ക് പുറത്ത് പ്രവാസികളുടെ പ്രശ്നപരിഹാര ശ്രമങ്ങളില്‍ സര്‍ക്കാരിന് യൂസഫലിയുടെ വലിയ പിന്തുണ ലഭിക്കാറുണ്ടെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ഹയാത്ത് റീജന്‍സി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡറാണ് യൂസഫലിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിദേശനിക്ഷേപമെത്തിക്കാന് വളരെയേറെ സഹായിക്കുന്ന വ്യക്തിയാണ് യൂസഫലി. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പോകുന്ന വേളകളില്‍ എല്ലാം കേരളത്തില്‍ നിക്ഷേപം എത്തിക്കാന്‍ വേണ്ട സഹായസഹകരണങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ട്. യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവര്ക്കും ഒത്തുചേരാനുള്ള അവസരം പലപ്പോഴും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഹയാത്ത് റീജന്സിയിലൂടെ പരിഹരിക്കപ്പെട്ടതെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറ്റവും നിര്‍ണായകമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി.ഡി. സതീശന് പറഞ്ഞു.
സ്വാഗത പ്രസംഗത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, കോഴിക്കോട് 500 കോടി നിക്ഷേപത്തില്‍ ഹയാത്ത് ഹോട്ടല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തി. ഹോട്ടലിലെ ഗ്രേറ്റ് ഹാള്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, ശശി തരൂര്‍ എംപി, എംഎല്‍എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, സിഇഒ സൈഫി രൂപാവാല, സിഒഒ സലിം വി.ഐ., ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ നിഷാദ് എം.എ., ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന് എന്നിവരും സംബന്ധിച്ചു.
600 കോടി രൂപ നിക്ഷേപത്തിലാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്റര്‍, ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഡിപ്ലോമാറ്റിക് സ്യൂട്ട് ഉള്‍പ്പെടെ നിരവധി പ്രത്യേകതകളോട് കൂടിയാണ് ഹയാത്ത് റീജന്‍സി തുറന്നിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതും വിശാലമായതുമായ സ്യൂട്ട് റൂമുകളടക്കം 132 മുറികള്‍, വൈവിധ്യം നിറഞ്ഞ അഞ്ച് ഡൈനിംഗ് ഡെസ്റ്റിനേഷനുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്. ഹോട്ടലില്‍ ഒരേസമയം 400 കാറുകളും 250 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിയ്ക്കും. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും തൃശ്ശൂരുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: