മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ചിട്ടും മലചവിട്ടുന്ന അയ്യപ്പന്മാര്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന അനാസ്ഥ തുടര്‍ക്കഥയാണ്. തീര്‍ത്ഥാടനത്തിന് വിഘാതമാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും, മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്യുമ്പോള്‍ വാഗ്ദാനങ്ങളും ഉറപ്പുകളും നല്കുന്ന അധികൃതര്‍ സമയബന്ധിതമായി ഇതൊന്നും പാലിക്കാറില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗതപാതയുടെ നവീകരണം പാതിവഴിയില്‍ ഉപേക്ഷിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടി. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി പന്ത്രണ്ട് കോടിയിലേറെ രൂപ ഇതിനായി അനുവദിച്ചിട്ടും പണിപൂര്‍ത്തിയാക്കാത്തത് അധികൃതരുടെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി ഭാഗങ്ങളില്‍ പണിപൂര്ത്തിയാക്കാത്തതും, നിര്‍മാണത്തിന് എത്തിച്ച കരിങ്കല്ലുകള്‍ ശരണപാതയില്‍ അലക്ഷ്യമായി നിരത്തിയിട്ടിരിക്കുന്നതും ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. മലകയറുന്നതിനിടെ കുഴഞ്ഞുവീണ ഒരു അയ്യപ്പന്റെ തല കല്ലിലിടിച്ച് മരണപ്പെട്ടിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു മുന്‍പേ പാതയുടെ നവീകരണം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് പാഴ്വാക്കായി എന്നു മാത്രമല്ല, നവീകരണം എങ്ങുമെത്താതിരിക്കെ പാതയുടെ ഉദ്ഘാടനം നടത്തി അയ്യപ്പന്മാരെയും ഭക്തജനങ്ങളെയും കബളിപ്പിക്കുകയാണ് ദേവസ്വം അധികൃതര്‍ ചെയ്തത്.
സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കണമെന്ന് ഹിന്ദു സംഘടനകള്‍ വളരെ മുന്‍പേ ആവശ്യപ്പെടുന്നതാണ്. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനവും നല്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പാത നവീകരണത്തില്‍ വന്‍ അഴിമതിയുള്ളതായും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. നിര്‍മാണ സാമഗ്രികള്‍ മതിയായ അളവില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് പണി പൂര്‍ത്തിയാക്കിയ ഇടങ്ങളിലെ കല്ലുകള്‍ക്കിടയില്‍ വിടവുകള്‍ രൂപപ്പെട്ടിട്ടുള്ളത് അഴിമതിയാരോപണത്തിന് ബലം നല്‍കുന്നതാണ്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇത്തരം അനാസ്ഥയും കെടുകാര്യസ്ഥതയും അഴിമതിയും ഒറ്റപ്പെട്ട കാര്യമല്ല. എരുമേലി, കാളകെട്ടി, പുല്ലുമേട് വഴികളിലൂടെ സന്നിധാനത്തേക്കുള്ള കാനനപാതകള്‍ യഥാസമയം തുറന്നുകൊടുക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യവും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. നടപ്പാതയില്‍ അയ്യപ്പന്മാര്ക്ക് താങ്ങായ കൈവരികള്‍ വേണ്ടത്ര ഉയരത്തില്‍ മുഴുവന്‍ ദൂരവും നിര്‍മിക്കണമെന്ന ആവശ്യവും അട്ടിമറിച്ചിരിക്കുകയാണ്. പരമ്പരാഗത പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള കൈവരികള്‍ക്ക് വേണ്ടത്ര ഉയരമില്ലാത്തത് അപകടത്തിന് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ബാരിക്കേഡുകളുടെ ഉയരം കുറച്ചതിനു പിന്നിലും അഴിമതിയാണോ എന്ന സംശയവും ജനിപ്പിച്ചിരിക്കുന്നു. ആര് എന്തൊക്കെ പറഞ്ഞാലും, ആവശ്യങ്ങള്‍ ഉന്നയിച്ചാലും ഞങ്ങളുടെ ഇഷ്ടംപോലെ മാത്രമേ കാര്യങ്ങള്‍ നടപ്പാക്കുകയുള്ളൂ എന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും. പുണ്യം പൂങ്കാവനം പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം ഇതിന് തെളിവാണ്.
ശബരിമലയോടും അയ്യപ്പഭക്തരോടും ഒരുതരം ചിറ്റമ്മ നയമാണ് ഇടതുമുന്നണി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളത്. ക്ഷേത്രത്തില്‍നിന്ന് വര്‍ഷംതോറും ലഭിക്കുന്ന കോടാനുകോടി രൂപയുടെ വരുമാനം ഉപയോഗിച്ച് സൗകര്യങ്ങള്‍ വിപുലീകരിച്ച് തീര്‍ത്ഥാടനം സുഗമമാക്കാന്‍ താല്‍പ്പര്യം കാണിക്കാത്തത് ഇതുകൊണ്ടാണ്. ഇതിനു മുന്‍പ് പല ദുരന്തങ്ങളുണ്ടായിട്ടും അയ്യപ്പന്മാരുടെ സുരക്ഷയില്‍ ദേവസ്വം ബോര്‍ഡിന് ആശങ്കയില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന സന്നിധാനത്തെ അടിപ്പാതയ്ക്ക് ബലക്ഷയമുണ്ടെന്നും, അത് പുതുക്കിപ്പണിയണമെന്നുമുള്ള ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പാതയ്ക്ക് വിള്ളല്‍ സംഭവിച്ചതിനെ തുടര്‍ന്ന് കൃത്രിമമായി താങ്ങിനിര്‍ത്തിയിരിക്കുകയാണ്. പാത പുനര്‍നിര്‍മിക്കുന്നതിനു പകരം വിള്ളലുകള്‍ കാണാതിരിക്കാന്‍ വെള്ളപൂശിയിരിക്കുകയാണത്രേ. ദേവസ്വം അധികൃതരുടെ ഈ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാരിന് പ്രത്യേകമായി യാതൊരു വരുമാനവും ലഭിക്കാത്ത ഹജ്ജ് തീര്‍ത്ഥാടനത്തിന് വര്‍ഷംതോറും സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയോട് ഇങ്ങനെ അവഗണന കാണിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെ അയ്യപ്പന്മാരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാനാവുമെന്നാണ് അധികൃതര്‍ നോക്കുന്നത്. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രം ആയതുകൊണ്ടാണ് ഇങ്ങനെയൊരു ദുരവസ്ഥ. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ നയം ഉപേക്ഷിക്കണം. അയ്യപ്പന്മാരുടെ വഴിമുടക്കരുത്. തീര്‍ത്ഥാടനകാലം തുടങ്ങിയതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: