പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം. പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗോവന്‍ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂര്‍, എല്‍. മുരുഗന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡയറ്റര്‍ ബര്‍ണ്ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം ആല്‍മ ആന്‍ഡ് ഓസ്‌കാര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 സിനിമകളാണ് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്ന കാലമാണിതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. മനോഹരമായ രീതിയില്‍ ഭാഷാ വിവര്‍ത്തനങ്ങള്‍ വന്നതോടെ പ്രാദേശിക ഭാഷാ ചിത്രമെന്നോ അന്താരാഷ്‌ട്ര സിനിമയെന്നോ ഉള്ള വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി. തെലുഗു ചിത്രമായ ആര്‍ആര്‍ആര്‍ കണ്ട കാര്യം ആസ്‌ത്രേലിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞത് ഉദാഹരിച്ചു കൊണ്ടായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രസംഗം.
കാന്‍ ഫിലിം ഫെസ്റ്റിവലിനു തുല്യമായി ഗോവാ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിനെ ഉയര്‍ത്താനാണ് കേന്ദ്രര്‍ക്കാര്‍ ശ്രമിക്കുന്നത്. കോ പ്രൊഡക്ഷന്‍, ഷൂട്ടിങ്, ലൊക്കേഷന്‍,സ്‌കില്‍ഡ് മാന്‍ പവര്‍ എന്നിവയുടെ ഒക്കെ കേന്ദ്രമായി അടുത്ത കാല്‍ നൂറ്റാണ്ടിന്റെ സിനിമാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ വളരുകയാണ്. സാങ്കേതിക വിദ്യ ഇന്ത്യന്‍ സിനിമാ മേഖലയുടെ രൂപം മാറ്റിയെഴുതുകയാണ്. വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിനിമാ ചിത്രീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയും ഗോവ ഇന്ത്യന്‍ സിനിമകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നടന്മാരായ അജയ് ദേവ്ഗണ്‍, പരേഷ് റാവല്‍, മനോജ് വാജ്‌പേയ്, സുനില്‍ ഷെട്ടി, തിരകഥാകൃത്ത് വിജയേന്ദ്ര പ്രസാദ് എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. സിനിമാ താരങ്ങളായ കാര്‍ത്തിക് ആര്യന്‍, വരുണ്‍ ധവാന്‍, ശ്രീയ ശരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: